ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ. കോണ്‍ഗ്രസ് ഹരിയാനയില്‍ വിജയിച്ച നിയമസഭ മണ്ഡലങ്ങള്‍ എല്ലാം മുസ്‌ലിം ആധിപത്യമുള്ള മണ്ഡലങ്ങളാണെന്നും, കോണ്‍ഗ്രസ് നിലവില്‍ ഒരു മുസ്‌ലിം പാര്‍ട്ടിയായി മാറിയെന്നും ബിജെപി ദേശീയ നേതാവ് ആരോപിച്ചു. ഹരിയാനയിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വോട്ടുവിഹിതം ചൂണ്ടിക്കാട്ടിയാണ് അമിത് മാളവ്യയുടെ വിവാദ പരാമര്‍ശം. പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച ബിജെപി നേതാവ് കോൺഗ്രസിനെ "പുതിയ മുസ്‌ലിം ലീഗ്" എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു.
"കോൺഗ്രസ് ഹരിയാനയിലെ തങ്ങളുടെ വോട്ട് വിഹിതത്തെക്കുറിച്ച് ആഹ്ളാദിക്കുന്നത് അവസാനിപ്പിക്കണം. ഭൂരിഭാഗവും മുസ്‌ലിം ആധിപത്യമുള്ള സീറ്റുകളിൽ നിന്നാണ് കോണ്‍ഗ്രസിന് വോട്ടുകൾ ലഭിച്ചത്, ഉദാഹരണത്തിന്, നുഹിൽ നിന്നുള്ള അഫ്‌താബ് അഹമ്മദ് 91,833 വോട്ടുകൾ നേടി 30% മാർജിനിൽ വിജയിച്ചു, മമ്മൻ ഖാൻ എന്ന ഒരു ക്രിമിനൽ സ്ഥാനാര്‍ഥി 1,30,497 വോട്ടുകൾ നേടി, അദ്ദേഹം വിജയിച്ചത് 64% മാർജിനിലായിരുന്നു, അതുപോലെ, മുഹമ്മദ് ഇല്യാസ് (85,300 വോട്ടുകൾ) പുനഹാനയിൽ നിന്ന് വിജയിച്ചു, മുഹമ്മദ് ഇസ്രയേൽ 79,907 വോട്ടുകൾ നേടി ഹാതിനിൽ നിന്ന് വിജയിച്ചു," എന്നും മാളവ്യ എക്‌സില്‍ കുറിച്ചു.