ന്യൂഡല്‍ഹി :ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അഞ്ച് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും കോണ്‍ഗ്രസ് സീറ്റുകളില്‍ ധാരണയായി. സ്ഥാനാര്‍ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. കേരളം, കര്‍ണാടക, തെലങ്കാന, ഛത്തീസ്‌ഗഡ്, ഡല്‍ഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സീറ്റുകളിലാണ് ധാരണയായത്.
ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അതിന്‍റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കെസി വേണുഗോപാല്‍ അറിയിച്ചു. പാര്‍ട്ടിയുടെ ആദ്യ സിഇസി (Central Election Committee) യോഗത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തും.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് അഞ്ചിടങ്ങളിലെയും സ്ഥാനാര്‍ഥി പട്ടികയ്‌ക്ക് രൂപമായത്. യോഗത്തിന്‍റെ തുടര്‍ച്ചയെന്നോണം മാര്‍ച്ച് 11ന് വീണ്ടും നേതാക്കള്‍ ഡല്‍ഹിയില്‍ ഒത്തുചേരും.'ഇത് നല്ല ചര്‍ച്ചയായിരുന്നു. മുഴുവന്‍ സീറ്റുകളെ കുറിച്ചും ചര്‍ച്ച നടന്നു. തീരുമാനങ്ങള്‍ ഉടന്‍ നിങ്ങളെ അറിയിക്കും. യോഗത്തില്‍ എന്ത് തീരുമാനം എടുത്താലും എഐസിസി വിശദീകരണം നല്‍കുമെന്നും' കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു.
തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരാന്‍ മാര്‍ച്ച് 11ന് വീണ്ടും നേതാക്കള്‍ യോഗം ചേരുമെന്ന് കോണ്‍ഗ്രസ് നേതാവ് ദീപക് ബാബരിയ പറഞ്ഞു. മുഴുവന്‍ കോണ്‍ഗ്രസ് സീറ്റുകളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. സാധ്യമാകുന്നയിടങ്ങളിലെല്ലാം അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. നാളെത്തോടെ ആ സന്തോഷ വാര്‍ത്തയെത്തുമെന്ന് കേരളത്തിലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.