ന്യൂഡല്‍ഹി : 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് പ്രകടന പത്രിക രാഹുൽ ഗാന്ധി ഉയര്‍ത്തി പിടിക്കുന്ന സാമൂഹ്യ നീതി എന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്ന് പ്രകടന പത്രിക കമ്മിറ്റി അംഗം ടിഎസ് സിംഗ്‌ദിയോ. മുൻ ധനമന്ത്രി പി ചിദംബരം അധ്യക്ഷനായ പ്രകടന പത്രികാ സമിതി മാർച്ച് 5 ന് കരടിന് അന്തിമരൂപം നൽകി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സമര്‍പ്പിച്ചിരുന്നു. കരട് രേഖ അംഗീകരിക്കാനായി ഉടൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും.
“കരടിനെക്കുറിച്ച് എനിക്ക് സംസാരിക്കാനാവില്ല. പക്ഷേ ഇത് കോൺഗ്രസിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കും. യുവാക്കളെ കേന്ദ്രീകരിച്ചുള്ള രാഹുൽ ഗാന്ധിയുടെ സാമൂഹിക നീതി അജണ്ടയുടെ മുദ്രയും പ്രകട പത്രികയിലുണ്ടാകും'- സിംഗ്‌ദിയോ പറഞ്ഞു.
ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ, പരീക്ഷാ പേപ്പർ ചോർച്ച പരിഹരിക്കാനായി സർക്കാർ റിക്രൂട്ട്‌മെന്‍റുകളില്‍ സുതാര്യത ഉറപ്പാക്കുന്ന നിയമവും സർക്കാർ ഒഴിവുകൾ ഘട്ടംഘട്ടമായി നികത്തുമെന്ന ഉറപ്പും പ്രകടനപത്രിക വാഗ്‌ദാനം ചെയ്യുന്നുവെന്ന് പാർട്ടി വൃത്തങ്ങള്‍ പറയുന്നു. 'ന്യായ് യാത്രയിലും,കഴിഞ്ഞ കുറേ വര്‍ഷങ്ങളായും രാഹുൽ ഗാന്ധി പ്രകടിപ്പിക്കുന്ന ആശങ്ക രാജ്യത്തെ ഉയർന്ന തൊഴിലില്ലായ്‌മ നിരക്കിലാണ്. ന്യായ് യാത്രയിലുടനീളമുണ്ടായ പൊതു ജനാഭിപ്രായത്തില്‍, യുവ ജനങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ആശങ്ക തൊഴിലില്ലായ്‌മയാണെന്ന് വ്യക്തമായതാണ്.' ഗുജറാത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ബിഎം സന്ദീപ് കുമാർ പറഞ്ഞു.
തൊഴില്‍ രഹിതരായ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തൊഴിലില്ലായ്‌മ വേതനം എത്തിക്കുമെന്ന് പാർട്ടി വൃത്തങ്ങള്‍ പറഞ്ഞു.ജാതി സെൻസസ് നടത്തുന്നതും പാർട്ടിയുടെ പ്രകടനപത്രികയിൽ പ്രധാന അജണ്ടയായി ഇടംപിടിക്കുമെന്നും പാർട്ടി വൃത്തങ്ങള്‍ അറിയിക്കുന്നു. ജാതി സെൻസസ് ഒരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും സാമൂഹിക നീതി ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കാൻ പാർട്ടിയെ അനുവദിക്കുന്ന ഒന്നാണെന്നും സന്ദീപ് കുമാർ പറഞ്ഞു. അതിലൂടെ പിന്നാക്കക്കാരുടെയും ഉയർന്ന ജാതികളിലെ ദരിദ്രരുടെയും ആശങ്കകൾ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.