ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പത്ത് സ്ഥാനാര്‍ഥികളുടെ കൂടി പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടു. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജെ പി അഗര്‍വാള്‍ ചാന്ദ്‌നി ചൗക്കില്‍ നിന്ന് ജനവിധി തേടും. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാര്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് മത്സരിക്കും. ഉദിത് രാജ് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്ന് മത്സരിക്കും.
പഞ്ചാബില്‍ ഗുര്‍ജിത് സിങ് ഔജില അമൃത്‌സറില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയും അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയുമായ തരണ്‍ജിത് സിങ് സന്ധുവിനെതിരെ മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി ജലന്ധറില്‍ നിന്ന് ജനവിധി തേടും. മുന്‍ എഎപി നേതാവ് ഡോ. ധരംവീര്‍ ഗാന്ധി പട്യാലയില്‍ നിന്ന് സിറ്റിങ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രണീത് കൗറിനെതിരെ ജനവിധി തേടും. സിറ്റിങ് എംഎല്‍എ സുഖ്‌പാല്‍ സിങ് ഖെയ്‌റ സഗ്രൂരില്‍ നിന്ന് മത്സരിക്കും.