ബെംഗളൂരു: ബിജെപിക്കെതിരെ ദിനപത്രങ്ങളില്‍ അപകീര്‍ത്തികരമായ പരസ്യം നല്‍കിയെന്ന കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഇന്ന് (ജൂണ്‍ 1) കോടതിയില്‍ ഹാജരായി. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിലാണ് ഇരുവരും ഹാജരായത്. ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും കഴിഞ്ഞ ദിവസം സമന്‍സ് ലഭിച്ചിരുന്നു.
2023 മെയ് 10-നായിരുന്നു കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ്. ഇതിന് അഞ്ച് ദിവസം മുമ്പാണ് ബിജെപിക്കെതിരെ ദിനപത്രങ്ങളില്‍ കോണ്‍ഗ്രസ് പരസ്യം നല്‍കിയത്. ബിജെപി അഴിമതി പാര്‍ട്ടിയാണെന്ന രീതിയിലായിരുന്നു പരസ്യം.
കൊവിഡ് സാമഗ്രികള്‍, സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്ന മുട്ട, റോഡ് നിര്‍മാണം എന്നിവയിലെല്ലാം അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പരസ്യത്തില്‍ പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ നടത്തിയത് ഒന്നര ലക്ഷം കോടിയുടെ അഴിമതിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.