ന്യൂഡല്‍ഹി: ദേശീയതാത്പര്യം മുന്‍നിര്‍ത്തി ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു സഖ്യമുണ്ടാക്കുമെന്ന് ആം ആദ്‌മി പാര്‍ട്ടി എംപി രാഘവ് ചന്ദ. സാധ്യമായ എല്ലാമാര്‍ഗങ്ങളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഹരിയാനയ്ക്കും രാജ്യത്തിനും അനുഗുണമായ ഒരു സഖ്യമുണ്ടാക്കാനാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഹരിയാന തെരഞ്ഞെടുപ്പിനായി എഎപിയുമായി ചര്‍ച്ചകള്‍ നടന്നുവരുന്നതായി ഹരിയാനയുടെ ചുമതലയുള്ള എഐസിസി നേതാവ് ദീപക് ബബാറിയ സ്ഥിരീകരിച്ചിരുന്നു. എഎപിക്ക് പുറമെ ഇന്ത്യ സഖ്യത്തിലെ പങ്കാളികളായ കമ്യൂണിസ്റ്റ് പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയവരും നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് തങ്ങളെ സമീപിച്ചതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ക്കകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിയാനയില്‍ അവരുടെ സാന്നിധ്യം അറിയിക്കുക എന്നതാണ് സിപിഎമ്മിന്‍റെയും സമാജ് വാദി പാര്‍ട്ടിയുടെയും ഉദ്ദേശ്യം. എഎപിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ഹരിയാന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം രാഹുല്‍ഗാന്ധി തേടിയിട്ടുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. തിങ്കളാഴ്‌ച ന്യൂഡല്‍ഹിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം നടക്കവെയാണ് രാഹുല്‍ അഭിപ്രായങ്ങള്‍ ആരാഞ്ഞത്.