ന്യൂഡല്‍ഹി:ജമ്മു കശ്‌മീരില്‍ സമാധാനം പുനസ്ഥാപിച്ചെന്ന ബിജെപിയുടെ അവകാശവാദങ്ങള്‍ വെറും പൊള്ളയാണെന്നതിന് തെളിവാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രദേശത്ത് ഉണ്ടാകുന്ന ആക്രമണങ്ങളെന്ന് കോണ്‍ഗ്രസ്. ഇത്തരം ആക്രമണങ്ങള്‍ ബിജെപി ഭരണത്തിന് എന്ത് കൊണ്ട് തടുക്കാനാകുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്ന തിരക്കിലാണ്. ജമ്മു കശ്‌മീരില്‍ മൃഗീയമായി കൊല്ലപ്പെട്ട ഭക്തരുടെ കുടുംബത്തിന്‍റെ കരച്ചില്‍ കേള്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു. രസായ്, കത്വ, ദോഡ തുടങ്ങിയ സ്ഥലങ്ങളില്‍ ആണ് കഴിഞ്ഞ മൂന്ന് ദിവസമായി ആക്രമണങ്ങള്‍ അരങ്ങേറുന്നത്. എന്നാല്‍ പ്രധാനമന്ത്രി ഇപ്പോഴും ആഘോഷങ്ങളുടെ തിരക്കിലാണ്.
വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തെ കോണ്‍ഗ്രസ് മാധ്യമവിഭാഗം ചുമതലയുള്ള പവന്‍ ഖേരയും ചോദ്യം ചെയ്‌തു. പാകിസ്ഥാന്‍ നേതാക്കള്‍ക്ക് മറുപടി നല്‍കാന്‍ മോദിക്ക് സമയമുണ്ട്. എന്നാല്‍ കിരാതമായ കൊലകളെ അപലപിക്കാന്‍ സമയമില്ലെന്നും ഖേര കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്‌മീരില്‍ സമാധാനം തിരികെ കൊണ്ടുവന്നു എന്ന ബിജെപിയുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു. ന്യായ കശ്‌മീര്‍ നയം പൂര്‍ണപരാജയമാണെന്നാണ് ഈ ആക്രമണങ്ങള്‍ വെളിവാക്കുന്നതെന്നും ഖേര പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.
അതിര്‍ത്തി ജില്ലകളായ രജൗരിയിലും പൂഞ്ചിലുമുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഖേരയുടെ പ്രസ്‌താവന. പത്ത് വര്‍ഷത്തെ മോദിയുടെ അവകാശവാദങ്ങള്‍ രാജ്യസുരക്ഷയെ അപകടത്തിലാക്കിയിരിക്കുന്നു. ഭീകരാക്രമണങ്ങള്‍ നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു. ഇതിന്‍റെ ഫലം അനുഭവിക്കുന്നത് നിരപരാധികളായ ജനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. പല രാജ്യങ്ങളുടെയും തലവന്‍മാര്‍ രാജ്യത്ത് എത്തി. എന്നാല്‍ ഇന്ത്യയിലെ റിയാസി ജില്ലയില്‍ ഒന്‍പത് വിലപ്പെട്ട ജീവനുകളാണ് ഈ സമയം പൊലിഞ്ഞത്. 33 പേര്‍ക്കെങ്കിലും പരിക്കുണ്ട്. ശിവഖോരി ക്ഷേത്രത്തില്‍ നിന്ന് കത്രയിലേക്ക് പോയ തീര്‍ഥാടകരുടെ ബസാണ് ഭീകരര്‍ തകര്‍ത്തത്. നിരപരാധികളായ കുഞ്ഞുങ്ങളെ പോലും ഇവര്‍ വെറുതെ വിട്ടില്ല. ദൈവിക പരിവേഷമുള്ള പ്രധാനമന്ത്രിയില്‍ നിന്ന് ഇവര്‍ സഹതാപത്തിന്‍റെ ഒരു വാക്കിനെങ്കിലും അര്‍ഹരല്ലേ എന്നും അദ്ദേഹം ചോദിച്ചു.