കേരളം

kerala

ETV Bharat / bharat

കോയമ്പത്തൂർ മധുക്കരയിൽ മലയാളികളെ ആക്രമിച്ച സംഭവം; ജവാൻ ഉൾപ്പടെ 4 പേർ അറസ്റ്റിൽ - Coimbatore Car hijacking case - COIMBATORE CAR HIJACKING CASE

കോയമ്പത്തൂരിൽ കാർ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിൽ സൈനികൻ ഉൾപ്പടെ 4 പേരെ അറസ്റ്റ് ചെയ്‌തു. ഒളിവിൽ പോയ നാലുപേരെ പിടികൂടാൻ സ്‌പെഷ്യൽ ഫോഴ്‌സ് പൊലീസ് കേരളത്തിലെത്തി.

മധുക്കരയിൽ മലയാളികളെ ആക്രമിച്ചു  കോയമ്പത്തൂർ കവർച്ച ശ്രമം  JAWAN ARRESTED IN COIMBATORE  COIMBATORE ROBBERY ATTEMPT
കേസിൽ അറസ്റ്റിലായ പ്രതികൾ (ETV Bharat)

By ETV Bharat Kerala Team

Published : Jun 17, 2024, 7:53 PM IST

കോയമ്പത്തൂർ:കൊച്ചി-സേലം ദേശീയപാതയിൽ കാർ യാത്രക്കാരായ മലയാളികളെ ആക്രമിച്ച് കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിൽ സൈനികൻ ഉൾപ്പടെ 4 പേരെ അറസ്റ്റ് ചെയ്‌തു. മലയാളികളായ ശിവദാസ് (29), രമേഷ് ബാബു (27), വിഷ്‌ണു (28), അജയ് കുമാർ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അന്വേഷണത്തിൽ, വിഷ്‌ണു ഇന്ത്യൻ ആർമിയിലും ശിവദാസും അജയ് കുമാറും ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർമാരായും ജോലി ചെയ്യുന്നവരാണെന്ന് കണ്ടെത്തി.

എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാൾസുമാണ് ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ജൂൺ 13ന് ആയിരുന്നു സംഭവം. കൊച്ചിയിൽ ഒരു പരസ്യ ഏജൻസി നടത്തുന്ന അസ്ലം സിദ്ദിഖ് (27) സുഹൃത്ത് ചാൾസിനൊപ്പം കമ്പ്യൂട്ടറുകളും സ്‌പെയർ പാർട്‌സും വാങ്ങാൻ ബെംഗളൂരുവിലേക്ക് പോയിരുന്നു.

തുടർന്ന് സാധനങ്ങൾ വാങ്ങി കാറിൽ കോയമ്പത്തൂർ വഴി കേരളത്തിലേക്ക് മടങ്ങുകയായിരുന്ന ഇവരെ കോയമ്പത്തൂരിലെ മധുക്കരൈ - വാളയാർ ഹൈവേയിൽ രണ്ട് ഇന്നോവ കാറുകളിലെത്തിയ സംഘം തടയുകയായിരുന്നു. ചുറ്റിക ഉപയോഗിച്ച് കാറിൻ്റെ ചില്ല് തകർത്ത് അക്രമി സംഘം കവർച്ചയ്‌ക്ക് ശ്രമിച്ചു. ഉടൻ തന്നെ അസ്ലം സിദ്ദിഖി കാർ സമീപത്തെ ടോൾ ബൂത്തിലേക്ക് കൊണ്ടുപോയി.

അവിടെ പട്രോളിംഗ് നടത്തുന്ന പൊലീസിനെ കണ്ടതോടെ സംഘം അവിടെനിന്നും രക്ഷപ്പെട്ടു. തുടർന്ന് അസ്ലം സിദ്ദിഖി മധുകരൈ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് കാറിലെ സിസിടിവി ദൃശ്യങ്ങളും പരിസരത്തെ സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ചാണ് പ്രതികൾക്കായി തിരച്ചിൽ നടത്തിയത്. കോയമ്പത്തൂർ പൊലീസ് നാല് പേരെയും അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റി.

രക്ഷപ്പെട്ട മറ്റ് നാലുപേർക്കായി ഡെപ്യൂട്ടി സൂപ്രണ്ട് മുരളിയുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ തെരച്ചിൽ നടത്തുകയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി തമിഴ്‌നാട് സ്‌പെഷ്യൽ ഫോഴ്‌സ് പൊലീസ് കേരളത്തിലെത്തിയിട്ടുണ്ട്.

ALSO READ: പ്രതി ലക്ഷ്യമിട്ടത് ഭാര്യ മാതാവിനെ, പകതീരാതെ വീണ്ടും ആക്രമണം; പൈനാവില്‍ വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത് - Painavu Attack Updates

അതേസമയം കഴിഞ്ഞ ഏപ്രിലിൽ നാട്ടിലേക്ക് മടങ്ങിയ വിഷ്‌ണു ജോലിയിൽ തിരിച്ചെത്തിയില്ലെന്ന് പൊലീസ് പറയുന്നു. കോയമ്പത്തൂർ വഴി വരുന്ന ഹവാല പണം കൊള്ളയടിച്ചാൽ ആരും പരാതി നൽകില്ലെന്ന് കരുതിയാണ് ഇയാൾ കവർച്ച സംഘത്തിൽ ഉൾപ്പെട്ടതെന്നും പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വിഷ്‌ണുവിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സൈനിക ക്യാമ്പ് ഓഫിസിൽ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details