കൊല്‍ക്കത്ത: കേന്ദ്ര ബജറ്റിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ഇത് രാഷ്‌ട്രീയ പ്രേരിത ബജറ്റാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ദിശാബോധമില്ലാത്തതും ജനവിരുദ്ധവും കാഴ്‌ചപ്പാടില്ലാത്തതുമായ ബജറ്റാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പാവങ്ങള്‍ക്കെതിരെയുള്ള ബജറ്റാണിത്. സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ബജറ്റല്ല. പൂര്‍ണമായും രാഷ്‌ട്രീയം നിറഞ്ഞ ബജറ്റാണിത്. ഒരു കക്ഷിയെ മാത്രം തൃപ്‌തിപ്പെടുത്താന്‍ വേണ്ടി ആവിഷ്‌കരിച്ച ബജറ്റാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് സമയത്ത് വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കി. എന്നാല്‍ അവയൊന്നും സാക്ഷാത്കരിക്കാന്‍ ബിജെപി ശ്രമിക്കുന്നില്ല. വമ്പന്‍ അവകാശവാദങ്ങളും തെരഞ്ഞെടുപ്പ് വേളയില്‍ അവര്‍ ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് നേടിക്കഴിഞ്ഞപ്പോള്‍ അവര്‍ ഡാര്‍ജിലിങിനെയും കലിംപോങിനെയും മറന്നു. എന്നാല്‍ ഡാര്‍ജിലിങ് കുന്നുകളിലെ ജനങ്ങള്‍ ഇത് ഓര്‍മ്മിക്കും. സിക്കിമിന് വേണ്ടതെല്ലാം നല്‍കിക്കോട്ടെ തങ്ങള്‍ക്ക് പരാതിയില്ല. എന്നാല്‍ ഡാര്‍ജിലിങിനെ ഒഴിവാക്കിയത് ശരിയായില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.
ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്‍റെ തുടര്‍ച്ചയായ ഏഴാം ബജറ്റാണ് ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. തുടര്‍ച്ചയായി ഏഴ് തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോര്‍ഡാണ് നിര്‍മല സ്വന്തമാക്കിയിരുന്നത്. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡ് മറികടന്നാണ് നിര്‍മല ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മൊറാര്‍ജി ദേശായ് 1959-1964 കാലഘട്ടത്തിലാണ് ആറ് ബജറ്റുകള്‍ അവതരിപ്പിച്ചത്.