ഗുവാഹത്തി:മണിപ്പൂർ ശാന്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച ചർച്ചയ്ക്ക് പിന്നാലെ വീണ്ടും സംസ്ഥാനത്ത് സംഘർഷം. ഇന്നലെ (ഒക്‌ടോബർ 16) രാത്രി ഇംഫാൽ വെസ്റ്റ് ജില്ലയിലെ കൂട്രുകിലാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കുക്കി ഗോത്രക്കാരാണ് കൂട്രുകിൽ ആധിപത്യം പുലർത്തുന്നത്.
സംഘർഷത്തിന് പിന്നാലെ സൈന്യം തിരികെ വെടിയുതിർക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് മണിപ്പൂർ പൊലീസ് പറഞ്ഞു. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു. സംഘർഷത്തിന് പിന്നിൽ കുക്കി തീവ്രവാദികളുടെ പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ചൊവ്വാഴ്‌ചയാണ് (ഒക്‌ടോബർ 15) കേന്ദ്രം മണിപ്പൂരിലെ കുക്കി, മെയ്‌തെയ്, നാഗ വിഭാഗങ്ങൾ തമ്മിലുള്ള ചർച്ച ഡൽഹിയിൽ സംഘടിപ്പിച്ചത്. ആദ്യ ചർച്ച നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. അതിനിടെ, കഴിഞ്ഞ മാസം കുട്രൂക്ക് ഗ്രാമത്തിലുണ്ടായ ഡ്രോൺ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മണിപ്പൂരിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മണിപ്പൂരിൽ കഴിഞ്ഞ 17 മാസത്തിലേറെയായി അക്രമം തുടരുകയാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആരംഭിച്ച ഏറ്റുമുട്ടലിന് പിന്നാലെ 220-ലധികം ആളുകൾ കൊല്ലപ്പെടുകയും 65,000-ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്‌തു.
Also Read:'രാജ്യത്തിന്‍റെ വിഷയത്തില്‍ ഞങ്ങള്‍ ഒറ്റക്കെട്ട്'; കാനഡയുമായുള്ള തര്‍ക്കത്തില്‍ മോദി സര്‍ക്കാരിന് പിന്തുണയുമായി കോണ്‍ഗ്രസ്