കേരളം

kerala

ETV Bharat / bharat

എന്താണ് പൗരത്വ ഭേദഗതി ബില്‍; വിശദമായി അറിയാം

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നതനുസരിച്ച് നിശ്ചിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയ ആറ് വിഭാഗക്കാർക്കായിരിക്കും പൗരത്വം ലഭിക്കുക.

Citizenship Amendment Act  CAA  Explain Citizenship Amendment Act  What is CAA
Explaining Citizenship Amendment Act

By ETV Bharat Kerala Team

Published : Mar 11, 2024, 8:33 PM IST

Updated : Mar 11, 2024, 10:55 PM IST

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മുതല്‍ രാജ്യ വ്യാപക ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയ വിഷയമാണ് പൗരത്വ ഭേദഗതി. (Citizenship Amendment Act, 2019) 2019 ഡിസംബർ 9-ന് ബില്ല് ലോക്‌സഭയുടെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുകയും പാസാക്കുകയും ചെയ്‌തു. 2019 ഡിസംബർ 11ന് ആണ് രാജ്യസഭ പൗരത്വ ഭേദഗതി നിയമം പാസാക്കുന്നത്. രാജ്യസഭയിലെ 125 എംപിമാർ ബില്ലിനെ അനുകൂലിച്ചും 99 പേർ എതിർത്തും വോട്ട് ചെയ്‌തു. ഡിസംബർ 12ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചു.

എന്താണ് പൗരത്വ ഭേദഗതി ബിൽ 2019?

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അതിവേഗം പൗരത്വം നൽകാൻ പൗരത്വ ഭേദഗതി ബില്ലില്‍ പറയുന്നു. ഹിന്ദു വിഭാഗം, ജൈനർ, സിഖുകാർ, ബുദ്ധമതക്കാർ, ക്രിസ്‌ത്യാനികൾ, പാഴ്‌സികൾ എന്നിങ്ങനെ ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് പൗരത്വം നല്‍കുക.

അനധികൃത കുടിയേറ്റത്തിന് തടയിടാനും ബില്ല് ലക്ഷ്യമിടുന്നുണ്ട്. എങ്കിലും പാക്കിസ്ഥാനിൽ പീഡനം അനുഭവിക്കുന്ന ഷിയ,അഹമ്മദിയ തുടങ്ങിയ മുസ്ലീം വിഭാഗങ്ങളെ ഈ നിയമത്തിൽ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പൗരത്വ ഭേദഗതി ബില്ലിന്‍റെ ഗുണഭോക്താക്കൾക്ക് രാജ്യത്തെ ഏത് സംസ്ഥാനത്തും താമസിക്കാനാകും. കുടിയേറ്റക്കാരെ സംസ്ഥാന ഭേദമില്ലാതെ രാജ്യം മുഴുവൻ അംഗീകരിക്കും.

കഴിഞ്ഞ 14 വർഷങ്ങളിൽ 11 വർഷം ഇന്ത്യയിൽ താമസിച്ച ആളുകൾക്ക് നിലവിൽ ഇന്ത്യൻ ഭരണഘടന പൗരത്വം നൽകുന്നുണ്ട്. മാതാപിതാക്കളോ അവരുടെ മുന്‍ തലമുറയോ ഇന്ത്യയിൽ ജനിച്ചിട്ടുണ്ടെങ്കില്‍ അത്തരം ആളുകൾക്കും ഇന്ത്യൻ പൗരത്വം നല്‍കുന്നുണ്ട്.

ഇന്ത്യന്‍ കാഴ്‌ചപ്പാടിൽ ആരാണ് അനധികൃത കുടിയേറ്റക്കാർ?

1955 ലെ പൗരത്വ നിയമം അനുസരിച്ച്, വ്യാജമായ രേഖകളോടെയോ രേഖകള്‍ ഇല്ലാതെയോ സാധുവായ പാസ്‌പോർട്ട് ഇല്ലാതെയോ ഇന്ത്യയിൽ പ്രവേശിക്കുന്നയാളാണ് അനധികൃത കുടിയേറ്റക്കാര്‍. വിസ കാലാവധിക്കപ്പുറം താമസിക്കുന്ന വ്യക്തികളെയും അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കും.

എപ്പോഴാണ് ബില്ലില്‍ പ്രശ്‌നം ഉയര്‍ന്നത്?

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കൾക്ക് പൗരത്വം നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്‌തിരുന്നു. ഹിന്ദുക്കൾക്ക് അഭയം നൽകുമെന്നും അഭയാർഥികളെ സ്വാഗതം ചെയ്യുമെന്നും ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞു.

ഏതൊക്കെ പാർട്ടികള്‍ പൗരത്വ ഭേദഗതി ബില്ലിന് എതിര് നില്‍ക്കുന്നു, എന്തുകൊണ്ട്?

പൗരത്വ ഭേദഗതി ബില്ല് പാസാക്കിയാൽ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൃഷക് മുക്തി സംഗ്രാം സമിതി, വിദ്യാർത്ഥി സംഘടനയായ ഓൾ അസം സ്റ്റുഡന്‍റ്സ് യൂണിയൻ തുടങ്ങിയ എൻജിഒകളും ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും മതത്തിന്‍റെ അടിസ്ഥാനത്തിൽ വ്യക്തിക്ക് പൗരത്വം നൽകുന്ന ആശയത്തെ എതിർക്കുന്നു. ബില്ല് നിയമമാക്കിയാൽ പുതുക്കിയ ദേശീയ പൗരത്വ രജിസ്ട്രേഷനെ (എൻആർസി) അസാധുവാക്കുമെന്നും വാദമുണ്ട്.

ബില്ല് ദേശീയ ജനതയുടെ സാംസ്കാരികവും ഭാഷാപരവുമായ സ്വത്വത്തിന് വിരുദ്ധമാണ് എന്നാണ് ബില്ലിനെ എതിർക്കുന്ന പാർട്ടികളും പ്രവർത്തകരും അഭിപ്രായപ്പെടുന്നത്. വൈവിധ്യമാർന്ന സമൂഹമുള്ള മിസോറാമും മറ്റ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളും പൗരത്വ ബില്ല് അവതരിപ്പിക്കരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

2019 ജനുവരിയിൽ, പൗരത്വ ഭേദഗതി ബില്ല് വീണ്ടും പാർലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെ മണിപ്പൂർ, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേന്ദ്രം ബില്ല് നടപ്പാക്കിയാൽ ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ തേടുമെന്ന് നാഗാലാൻഡ് ആൻഡ് നോർത്ത് ഈസ്റ്റ് ഫോറം ഓഫ് ഇൻഡിജിനസ് പീപ്പിൾ (NEFIP) അന്ന് പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയെ രണ്ടായി വിഭജിക്കുന്ന ഒന്നായിരുന്നു. ഇന്ത്യയിലുടനീളമുള്ള ഹിന്ദു അഭയാർത്ഥി കമ്മ്യൂണിറ്റികൾ സര്‍ക്കാര്‍ നീക്കം ആഘോഷമാക്കിയപ്പോളഅക, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ ഭൂരിഭാഗവും ശക്തമായി പ്രതിഷേധിച്ചു. പൗരത്വ ഭേദഗതി ബില്ല് വിരുദ്ധ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായി ഗുവാഹത്തി മാറി. ബില്ല് പാസാക്കിയാൽ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ക്രമം തന്നെ മാറ്റിമറിക്കപ്പെടുമെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ പറഞ്ഞു. നിലവിൽ, വടക്കുകിഴക്കൻ പ്രദേശങ്ങളില്‍ ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ പ്രതിഷേധം നടക്കുന്നുണ്ട്.

പൗരത്വ ബിൽ 2019 പ്രകാരമുള്ള ഇളവുകൾ

ബില്ലില്‍ നിന്ന് വടക്കുകിഴക്കൻ മേഖലയിലെ ചില പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസി മേഖലകൾക്ക് ബില്ല് ബാധകമല്ല. ഇതോടെ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം എന്നിവയ്‌ക്കൊപ്പം മേഘാലയ, അസം ത്രിപുര എന്നീ സംസ്ഥാനങ്ങളുെട ചില ഭാഗങ്ങളും ബില്ലിന്‍റെ പരിധിയിൽ നിന്ന് വിട്ടുനിൽക്കും.

ഒസിഐ കാർഡ് ഉടമകൾക്കുള്ള ഭേദഗതികൾ

പൗരത്വ ബില്ല് അനുസരിച്ച്, ഒരു വിദേശിക്ക് അവർ ഇന്ത്യൻ വംശജനാണെങ്കിൽ അല്ലെങ്കിൽ അവരുടെ പങ്കാളി ഇന്ത്യൻ വംശജനാണെങ്കിൽ ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒസിഐ) ആയി രജിസ്റ്റർ ചെയ്യാം. ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനും രാജ്യത്ത് ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശവും മറ്റ് ആനുകൂല്യങ്ങളും പൗരത്വ ഭേദഗതി ബില്ല് നൽകുന്നുണ്ട്.

ബില്ലിന്‍റെ നിലവിലെ അവസ്ഥ

പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭയിൽ വിശദമായി ചർച്ച ചെയ്‌ത ശേഷം 2016-ൽ സംയുക്ത സെലക്‌ട് കമ്മിറ്റിക്ക് വിട്ടു. പാർലമെന്‍ററി സമിതി അംഗങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളും സന്ദർശിക്കുകയും വിവിധ സംഘടനകളുമായി ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്‌തു. 2019 ജനുവരി എട്ടിന് ബില്ല് ലോക്സഭയിൽ പാസാക്കി. രാജ്യസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ്, ലോക്‌സഭയുടെ കാലാവധി അവസാനിച്ചതിനാൽ 2019 ജൂൺ 3-ന് ബില്ല് അസാധുവായി. തുടര്‍ന്ന് 2019 ഡിസംബർ 11ന് രാജ്യസഭ ബില്ല് പാസാക്കുകയായിരുന്നു.

ഇന്ന്(11-03-2024) പൗരത്വ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്‌തിട്ടുണ്ട്. വിജ്ഞാപനത്തില്‍ പറയുന്നതനുസരിച്ച് നിശ്ചിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായെത്തിയ ആറ് വിഭാഗക്കാർക്ക് പൗരത്വം ലഭിക്കും. പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്‌ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്‌ത്യന്‍, ബുദ്ധ, പാര്‍സി മത വിശ്വാസികള്‍ക്കാകും പൗരത്വം ലഭിക്കുക.

Last Updated : Mar 11, 2024, 10:55 PM IST

ABOUT THE AUTHOR

...view details