തൃശൂര്‍: ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിലെ കേന്ദ്ര അവഗണനക്കെതിരെ മന്ത്രി കെ രാജൻ. കേന്ദ്രം ഒരു രൂപ പോലും സഹായം നൽകിയില്ലെങ്കിലും ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരെ കേരളം ഭരണ പ്രതിപക്ഷ വേര്‍തിരിവില്ലാതെ ഒരേ മനസോടെ ചേർത്തുനിർത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. എല്ലാവരെയും പുനരധിവസിപ്പിക്കാൻ വേണ്ടതെല്ലാം കേരള സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സഹായം ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടോ എന്ന് പലരും ചോദിക്കുന്നുണ്ട്. ഇന്ത്യയില്‍ ജീവിക്കുന്ന പൗരന് അതിനുള്ള അവകാശമില്ലേ എന്നും മന്ത്രി വിമര്‍ശിച്ചു. ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ സഹായം നൽകാനാവില്ലെന്ന ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ നിലപാടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേന്ദ്രം കേരളത്തെ പഴിചാരിയ സാഹചര്യത്തിലാണ് വിമര്‍ശനം. പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ട് സമ്ര്‍പ്പിച്ച നിവേദനത്തിന് അമിത് ഷാ നല്‍കിയ മറുപടിയിലാണ് കേരളത്തെ വിമര്‍ശിച്ചിട്ടുള്ളത്.
സംസ്ഥാനം വിശദ നിവേദനം നല്‍കിയത് നവംബർ 13ന് മാത്രമെന്ന് അദ്ദേഹം ആവർത്തിച്ചു. വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നല്‌കുന്നതിൽ കേരളം വലിയ താമസം വരുത്തി. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിച്ചു. ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്‍കി. കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും അമിത് ഷായുടെ മറുപടിയില്‍ പറയുന്നു.
സഹായം ആവശ്യപ്പെട്ട് നിവേദനം നൽകാൻ വൈകിയെന്നും നവംബർ 13നാണ് നിവേദനം ലഭിച്ചതെന്നുമാണ് കേന്ദ്രം പറയുന്നത്. എന്നാൽ കേരളം നിവേദനം സമർപ്പിച്ചത് ആഗസ്റ്റ് 17നാണ്. എംപി മാർ ഒപ്പിട്ട് നൽകിയ നിവേദനത്തിൽ ധനസഹായം നൽകില്ലെന്ന് കേന്ദ്രം ആവർത്തിക്കുകയാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളം ആവശ്യങ്ങളുന്നയിച്ച് നിവേദനം നൽകിയതിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽകണ്ട് ആവശ്യങ്ങൾ അറിയിച്ചു. ഇത് പരിശോധിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിന് ശേഷം ദേശീയ ദുരന്ത നിവാരണ അതോറിറ്റി കേരളത്തിന് അയച്ച് എല്ലാ കത്തിലും ഇക്കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് അറിയിച്ചിരുന്നത്. അതിനര്‍ഥം അവിടെയൊരു മെമ്മോറാൻഡം ഉണ്ടെന്നാണല്ലോ എന്നും മന്ത്രി െക രാജൻ മാധ്യമങ്ങളോട് പറഞ്ഞു.