ന്യൂഡൽഹി :പുതുക്കിയ ക്രിമിനൽ നിയമങ്ങൾ ഇന്ത്യയുടെ നിയമ ചട്ടക്കൂടിനെ പുതിയ യുഗത്തിലേക്ക് മാറ്റിയെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നതോടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ കാര്യമായ പുനരുദ്ധാരണത്തിന് ഇന്ത്യ ഒരുങ്ങുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പുതിയ ക്രിമിനൽ നീതിന്യായ നിയമങ്ങൾ സമൂഹത്തിന് നിര്‍ണായകമാണെന്ന് ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി. ഇരകളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങളുടെ അന്വേഷണവും വിചാരണയും കാര്യക്ഷമമായി നടപ്പാക്കുന്നതിനും ആവശ്യമായ മെച്ചപ്പെടുത്തലുകൾ പുതിയ നിയമത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റൽ യുഗത്തിലെ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സമഗ്ര സമീപനമാണ് ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്) ഉൾക്കൊള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനും ഇരകൾക്ക് നീതി ലഭിക്കുമെന്ന അവബോധം നൽകാനും നിയമം ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ, പരിഹരിക്കപ്പെടേണ്ട പഴുതുകളും മേഖലകളും കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് ജസ്‌റ്റിസ് കൂട്ടിച്ചേര്‍ത്തു.
കാലങ്ങളായി നിലനില്‍ക്കുന്ന പ്രതിസന്ധികളായ സാക്ഷികളെ വിസ്‌തരിക്കുന്നതിലെ കാലതാമസം, വിചാരണ പൂർത്തിയാക്കൽ, ജയിലുകളുടെ തിരക്ക്, വിചാരണത്തടവുകാരുടെ പ്രശ്‌നം തുടങ്ങിയവ നമ്മുടെ നിയമങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി.
ബിഎന്‍എസ്എസിന്‍റെ 532-ാം വകുപ്പ് പ്രകാരം എല്ലാ ട്രയലുകളും അന്വേഷണങ്ങളും നടപടിക്രമങ്ങളും ഇലക്‌ട്രോണിക് രീതിയിലാണ് നടത്തുക. ഡിജിറ്റൽ യുഗത്തിൽ, വ്യക്തിയുടെ ഡാറ്റയ്ക്കും സെൻസിറ്റീവ് വിവരങ്ങൾക്കും പരമപ്രധാനമായ പ്രാധാന്യം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.