റായ്‌പൂർ:'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ്. ഈ നീക്കം രാജ്യത്തിന്‍റെ ജനാധിപത്യ ഘടനയെ ശക്‌തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന സർക്കാർ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം രാജ്യത്തിന്‍റെ ജനാധിപത്യ ഘടനയെ ശക്തിപ്പെടുത്തും. ഇതൊരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം മാത്രമല്ല, മഹത്തായ ജനാധിപത്യം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും വിഷ്‌ണു ദേവ് സായ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റായ്‌പൂരിലെ റീസൈക്ലിങ് കേന്ദ്രത്തിൽ പാഠ പുസ്‌തകങ്ങൾ കണ്ടെത്തിയ സംഭവത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. 'കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചവറ്റുകുട്ടകളിൽ നിന്നും പാഠപുസ്‌തകങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന് ഉത്തരവാദികളായവരെ സസ്പെൻഡ് ചെയ്‌തു. തെറ്റായ പ്രവർത്തനങ്ങള്‍ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും ശക്‌തമായ നടപടി എടുക്കുമെന്നും' മന്ത്രി പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്, റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ റായ്‌പൂരിൽ നടന്ന 'യുവ ഉത്സവ് 3.0 റൈസിങ് ഭാരത് 2047' പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തീസ്‌ഗഡിലെ അടിസ്ഥാന സൗകര്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. സംസ്ഥാനത്തെ റെയിൽവേ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ദേശീയപാതകൾ നിർമിക്കുന്നതിനും സാമ്പത്തിക രംഗം വികസിപ്പിക്കുന്നതിനും നിരവധി സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും വിഷ്‌ണു ദേവ് സായ് പറഞ്ഞു.
സംസ്ഥാനത്തെ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ്:സംസ്ഥാനത്ത് പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികൾ നന്നായി പഠിക്കുമ്പോഴാണ് സംസ്ഥാനം പുരോഗമിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങൾ വർധിക്കും.