ന്യൂഡല്‍ഹി:ആഫ്രിക്കയില്‍ നിന്നുമെത്തിച്ച ചീറ്റപ്പുലികളെ ഉടൻ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിടും. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ ആരോഗ്യ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് അധികൃതര്‍ ചീറ്റപ്പുലികളെ പാര്‍ക്കിലെ വലിയ സ്വതന്ത്ര ചുറ്റുപാടിലേക്ക് തുറന്നുവിടുന്നത്. 25 ചീറ്റകളെയാണ് കാട്ടിലേക്ക് അയക്കാനൊരുങ്ങുന്നതെന്നാണ് വാര്‍ത്ത ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രോജക്‌ട് ചീറ്റ സ്റ്റിയറിങ്ങ് കമ്മിറ്റി അംഗങ്ങളും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. കുനോയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ചീറ്റകളെ എപ്പോള്‍ തുറന്നുവിടണമെന്ന കാര്യത്തില്‍ തീരുമാനമായത്. മഴക്കാലം അവസാനിക്കുന്നതോടെ പ്രായപൂര്‍ത്തിയായ ചീറ്റകളെയും തുടര്‍ന്ന് ഡിസംബറോടെ കുഞ്ഞ് ചീറ്റകളെയും അവയുടെ അമ്മകളെയും ഘട്ടംഘട്ടമായി തുറന്നുവിടാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
25 ചീറ്റകളില്‍ 13 എണ്ണമാണ് പ്രായപൂര്‍ത്തിയായവ. 12 എണ്ണം കുഞ്ഞുങ്ങളാണ്. ഇവയെല്ലാം നിലവില്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിവരം.