ബെംഗളൂരു: വരുന്ന ഉപതെരഞ്ഞെടുപ്പിൽ ചന്നപട്ടണ നിയമസഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി നിഖിൽ കുമാരസ്വാമിയെ വിജയിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ പാഠം പഠിപ്പിക്കണമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പ. കോൺഗ്രസിന്‍റെ പാവയായ സി പി യോഗേശ്വറിനെ തെരഞ്ഞെടുത്തതു കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. ചന്നപട്ടണയിൽ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡിലെ ഒരു കുഴി നികത്താൻ പോലും സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് കഴിയുന്നില്ല. സർക്കാരിനെതിരെ വൻ അഴിമതി ആരോപണങ്ങളും യെദ്യൂരപ്പ ഉന്നയിച്ചു. കർണാടകയിൽ അഴിമതി വ്യാപകയി നടക്കുന്നു. ഭാഗ്യലക്ഷ്‌മി പദ്ധതി പോലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ നിരവധി പദ്ധതികള്‍ കോൺഗ്രസ് നിര്‍ത്തലാക്കി. പുതിയ പദ്ധതികള്‍ അനുവദിക്കാന്‍ സര്‍ക്കാരിന്‍റെ കൈയില്‍ പണമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. നിഖിലിൻ്റെ വിജയത്തിനായി വീടുതോറും പ്രചാരണം നടത്തണമെന്നും ആത്മാർഥമായി പരിശ്രമിച്ചാല്‍ 25,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ നിഖിലിന് വിജയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കള്ളൻമാർ കള്ളൻമാരുമായി ഒന്നിക്കുന്നുവെന്ന് എച്ച്‌ഡി കുമാരസ്വാമി:ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കോൺഗ്രസിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമിയും രംഗത്തുവന്നു. 'കള്ളൻമാർ കള്ളൻമാരുമായി ഒന്നിക്കുന്നു' എന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ വോട്ടു ചോദിക്കാനാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുളളില്‍ രാമനഗരത്തിലും ചന്നപട്ടണയിലും വൻ വികസന പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. സില്‍ക്ക് മാര്‍ക്കറ്റിനടുത്ത് പുതിയ വ്യവസായം തുടങ്ങുകയും സാധാരണ ജനങ്ങള്‍ക്ക് ജോലി നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മകന്‍ നിഖില്‍ കുമാരസ്വാമിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.