കേരളം

kerala

രാജസ്ഥാനില്‍ ചാന്ദിപുര വൈറസ്; മൂന്ന് വയസുകാരിയ്‌ക്ക് രോഗം സ്ഥിരീകരിച്ചു - CHANDIPURA VIRUS RAJASTHAN

By ETV Bharat Kerala Team

Published : Jul 28, 2024, 10:17 PM IST

ദുന്‍ഗര്‍പൂരിലെ മൂന്ന് വയസുകാരിയില്‍ ചാന്ദിപുര വൈറസ് സ്ഥിരീകരിച്ചു. രാജസ്ഥാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ പരിശോധിച്ച് വരികയാണ്.

RAJASTHAN  3 YEAR OLD TESTS POSITIVE  ചന്ദിപ്പുര വൈറസ്  DUNGARPUR DISTRICT
Representational image (Getty Images)

ദുന്‍ഗാര്‍പൂര്‍ (രാജസ്ഥാന്‍) :രാജസ്ഥാനിലെ ദുന്‍ഗാര്‍പൂര്‍ ജില്ലയില്‍ മൂന്നുവയസുകാരിയില്‍ ചാന്ദിപുര വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി രോഗബാധിതയാണെന്ന് സ്ഥിരീകരിച്ചത്.

ബല്‍ദിയ ഗ്രാമത്തില്‍ നിന്നുള്ള കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്. അതേസമയം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജസ്ഥാന്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വൈറസ് സാധാരണയായി കുട്ടികളെയാണ് ബാധിക്കുന്നത്.

അണുബാധയുണ്ടായാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാക്കും. പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലാണ് വൈറസ് ബാധ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്. ഇത് മസ്‌തിഷ്‌ക ജ്വരമടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഈ പ്രായത്തില്‍ മരണനിരക്ക് വര്‍ധിപ്പിക്കുന്ന ഒരു വൈറസ് ബാധ കൂടിയാണിത്.

ദുന്‍ഗാര്‍പൂര്‍ മെഡിക്കല്‍ കോളജില്‍ മൂന്ന് വയസുകാരിയെ പ്രവേശിപ്പിച്ചതായി സൂപ്രണ്ട് ഡോ.മഹേന്ദ്ര ദാമോര്‍ പറഞ്ഞിരുന്നു. ഛര്‍ദി, വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചാന്ദിപുര വൈറസ് ബാധയാണോയെന്ന സംശയമുണ്ടാകുകയും പരിശോധനയ്ക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകള്‍ അയച്ച് കൊടുക്കുകയുമായിരുന്നു.

കുട്ടി സുഖം പ്രാപിച്ചതായും ആശുപത്രിയില്‍ നിന്ന് പോയെന്നും ഡോക്‌ടര്‍ അറിയിച്ചു. ധാരാളം കുട്ടികള്‍ സമാന രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംശയകരമായ സാഹചര്യങ്ങള്‍ കണ്ടാല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.

Also Read:ചാന്ദിപുര വൈറസ് നിപ വൈറസിന് സമാനം; കേരളം ഭയക്കണോ? വിദഗ്‌ധര്‍ പറയുന്നത്..

ABOUT THE AUTHOR

...view details