ന്യൂഡൽഹി:പൂജ ഖേദ്‌കറെ ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി. സിവില്‍ സര്‍വീസ് പരീക്ഷ കൂടുതല്‍ തവണ എഴുതുന്നതിന് വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിലാണ് നടപടി. 1954ലെ ഐഎഎസ് (പ്രൊബേഷൻ) റൂൾ 12 പ്രകാരമാണ് പൂജ ഖേദ്‌കറെ പുറത്താക്കിയത്.
പുനപരീക്ഷയിൽ വിജയിക്കുന്നതിൽ പരാജയപ്പെട്ടാലോ അല്ലെങ്കിൽ പ്രൊബേഷണർക്ക് സർവീസിലേക്കുള്ള റിക്രൂട്ട്‌മെന്‍റിന് യോഗ്യതയില്ലെന്നോ കേന്ദ്ര സർക്കാരിന് ബോധ്യപ്പെട്ടാൽ പ്രൊബേഷണർമാരെ സർവീസിൽ നിന്ന് പുറത്താക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കുന്നതാണ് ഈ നിയമം.
ഒബിസി, ഡിസെബിലിറ്റി ക്വാട്ട ആനുകൂല്യങ്ങളില്‍ തട്ടിപ്പ് തടത്തി എന്ന ആരോപണമാണ് പൂജ നേരിടുന്നത്. ഈ ആരോപണങ്ങളെല്ലാം പൂജ ഖേദ്‌കര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ മെഡിക്കൽ അതോറിറ്റി നൽകി എന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്ന് ഇഷ്യൂ ചെയ്‌തിട്ടില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. നിലവിൽ ഡൽഹി ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് കേസ് നടക്കുകയാണ്.