കേരളം

kerala

'വേതനത്തിന്‍റെ പകുതി പെൻഷൻ'; എൻപിഎസില്‍ പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ - Pension Under NPS

By ETV Bharat Kerala Team

Published : Jul 11, 2024, 11:16 AM IST

അവസാനം വാങ്ങിയ വേതനത്തിന്‍റെ പകുതി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെൻഷനായി നല്‍കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.

അവസാനം വാങ്ങിയ വേതനത്തിന്‍റെ പകുതി  സോമനാഥന്‍ സമിതി  OPS  ദേശീയ പെന്‍ഷന്‍ പദ്ധതി
അവസാനം വാങ്ങിയ വേതനത്തിന്‍റെ പകുതി പെന്‍ഷന്‍ (ETV Bharat)

ന്യൂഡല്‍ഹി:ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാൻ കേന്ദ്രം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവസാനം വാങ്ങിയ വേതനത്തിന്‍റെ പകുതി പെന്‍ഷനായി ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് സൂചന. പഴയ പെന്‍ഷന്‍ പദ്ധതിയിലും പുതിയ എന്‍പിഎസും തമ്മിലുള്ള അന്തരത്തില്‍ ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം.

ഇതിന്‍റെ സാധ്യതകള്‍ പരിശോധിക്കാനായി ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്‍ അധ്യക്ഷനായി ഒരു സമിതിയെ നേരത്തെ തന്നെ രൂപീകരിച്ചിരുന്നു. വിഷയത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പ്രഖ്യാപനം വന്നതിന് പിന്നാലെയായിരുന്നു സമിതി രൂപീകരിച്ചത്.

അതേസമയം, എന്‍പിഎസില്‍ 25 മുതല്‍ 30 വര്‍ഷം വരെ നിക്ഷേപം നടത്തിയവര്‍ക്ക് അതിലും വലിയ തുക പെന്‍ഷനായി കിട്ടുമെന്നാണ് വിലയിരുത്തല്‍. പഴയ പെന്‍ഷന്‍ സംവിധാനത്തിലേക്ക് തിരികെ പോകുമെന്ന് പല രാഷ്‌ട്രീയ കക്ഷികളും തെരഞ്ഞെടുപ്പ് കാലത്ത് ഉറപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പെന്‍ഷന്‍ പദ്ധതി വീണ്ടും ചര്‍ച്ചകളിലേക്ക് വന്നിരിക്കുന്നത്.

പഴയ പദ്ധതി പ്രകാരം, അവസാനം വാങ്ങിയ വേതനത്തിന്‍റെ പകുതി തുക പെന്‍ഷനായി ശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ ഉറപ്പാക്കുന്നു. പേ കമ്മിഷന്‍ ശുപാര്‍ശ പ്രകാരമാണിത്. എന്നാല്‍, ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഈ ഉറപ്പ് ഉണ്ടായിരുന്നില്ല.

ഇത് വിപണി ബന്ധിത പദ്ധതിയാണ്. ജീവനക്കാര്‍ അടിസ്ഥാന വേതനത്തിന്‍റെ പത്ത് ശതമാനവും സര്‍ക്കാര്‍ പതിനാല് ശതമാനവും നിക്ഷേപിച്ചാണ് എന്‍പിഎസിന് കീഴില്‍ പെന്‍ഷന്‍ നല്‍കുന്നത്. 25 മുതല്‍ 30 വര്‍ഷം വരെ സേവനം ചെയ്‌ത ജീവനക്കാര്‍ക്ക് അവസാനം വാങ്ങിയ വേതനത്തിന്‍റെ പകുതി പെന്‍ഷനായി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ രംഗത്ത് എത്തിയിരുന്നു.

അതേസമയം, പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് ഒരു തിരിച്ച് പോക്ക് ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പെന്‍ഷന്‍ നല്‍കുന്നതില്‍ മറ്റ് ചില വ്യവസ്ഥകളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആഗോള നടപടികളെക്കുറിച്ച് സോമനാഥന്‍ സമിതി പഠനം നടത്തി.

ഇത്തരത്തില്‍ ഒരു ഉറപ്പ് ജീവനക്കാര്‍ക്ക് നല്‍കുന്നതിലൂടെ എന്ത് സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക എന്നതിനെക്കുറിച്ചും സമിതി പരിശോധിച്ചിട്ടുണ്ട്. 40 മുതല്‍ 45 ശതമാനം വരെ നല്‍കാമെന്നാണ് സമിതിയുടെ ശുപാര്‍ശ. അന്‍പത് ശതമാനത്തെക്കുറിച്ച് സമിതി പരാമര്‍ശിക്കുന്നേയില്ല.

അതുകൊണ്ട് തന്നെ ഈ അന്തരം മറികടക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിശോധിക്കേണ്ടി വരും. ഇതിനായി ഒരു ഫണ്ട് രൂപീകരിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. അന്‍പത് ശതമാനം തുക പെന്‍ഷനായി നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം പരിശോധിക്കാനായി നിരവധി തവണ ചര്‍ച്ചകളും ഇതിനകം നടന്ന് കഴിഞ്ഞു. ജീവനക്കാരുടെ ക്ഷേമവും രാജ്യത്തെ സാമ്പത്തിക സ്ഥിതിയും പരിഗണിച്ച് സന്തുലനമായ ഒരു തീരുമാനമാകും പക്ഷേ അധികൃതര്‍ കൈക്കൊള്ളുക.

Also Read:അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുമെന്ന പ്രഖ്യാപനം സ്വാഗതാർഹം : വിരമിച്ച ജീവനക്കാർ

ABOUT THE AUTHOR

...view details