ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത്ത് ശര്‍മ നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും ഇടം നേടി. 2022 ഡിസംബറിലുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഏറെനാള്‍ പുറത്തിരിക്കേണ്ടി വന്ന പന്ത് 20 മാസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ എത്തിയത്.
യുവ താരം യഷ് ദയാലിന് ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തി. വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് ടീമില്‍ ഇടം നേടാനായില്ല. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കുന്നത്.
സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ ഒന്ന് വരെ നടക്കും. ഇന്ത്യയും ബംഗ്ലാദേശും ഇതുവരെ 13 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്.
അതില്‍ 11 മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചപ്പോൾ രണ്ട് മത്സരങ്ങള്‍ സമനിലയിൽ അവസാനിച്ചു. ജനുവരിയില്‍ ഇംഗ്ലണ്ടിനെ 4-1ന് തോൽപ്പിച്ചതിന് ശേഷമാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടാന്‍ ഒരുങ്ങുന്നത്. പാകിസ്ഥാനെതിരെ 2-0 ന് തോല്‍പ്പിച്ച് ചരിത്ര വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് എത്തുന്നത്.
ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശർമ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, സർഫറാസ് ഖാൻ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ , അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാൽ.
Also Read: 12 മാസത്തിനിടെ സമ്പാദിച്ചത് 847 കോടി; ഏറ്റവും കൂടുതല്‍ പണം നേടിയ ക്രിക്കറ്ററായി വിരാട് കോലി