ചണ്ഡീഗഢ്: ഇന്ത്യ കിസാൻ കോൺഗ്രസ് വർക്കിങ് ചെയർമാൻ കൂടിയായ ഗുസ്‌തി താരം ബജ്‌റംഗ് പുനിയയ്ക്ക് വധഭീഷണി. താരം കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് വധഭീഷണി. വാട്‌സ്‌ആപ്പ് വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്.
വിദേശ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഭീഷണിയെ തുടര്‍ന്ന് പുനിയ ബഹൽഗഡ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വക്താവ് രവീന്ദ്ര കുമാർ അറിയിച്ചു.
കോൺഗ്രസ് വിടാന്‍ ആവശ്യപ്പെട്ടു കൊണ്ടുളളതാണ് ഭീഷണി സന്ദേശം. 'കോൺഗ്രസ് വിടാന്‍ തയ്യാറാവാത്ത പക്ഷം ഇത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഗുണംചെയ്യില്ല. ഇത് ഞങ്ങളുടെ അവസാന സന്ദേശമാണ്.
തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങള്‍ എന്താണെന്ന് നിങ്ങള്‍ക്ക് കാണിച്ചു തരാം. എവിടെ വേണമെങ്കിലും പരാതി നല്‍കിക്കോളൂ. ഇത് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണ്'- എന്നാണ് വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേമസയം രണ്ട് ദിവസം മുമ്പാണ് ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും കോൺഗ്രസിൽ ചേരുന്നത്. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പാര്‍ട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൻ്റെ സാന്നിധ്യത്തില്‍ ഗുസ്‌തി താരങ്ങള്‍ കോൺഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഫോഗട്ടിനെ ജുലാന മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന് ബജ്‌റംഗ് പുനിയ എല്ലാവരും വിനേഷ് ഫോഗട്ടിനെ വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിനേഷ് ഫോഗട്ടിന്‍റെയും ബജ്‌രംഗ് പുനിയയുടെയും രാജി സ്വീകരിക്കാനുളള നടപടി വേഗത്തിലാക്കിയിരിക്കുകയാണ് നോർത്തേൺ റെയിൽവേ. മൂന്ന് മാസത്തെ നോട്ടിസ് പിരീഡ് ഒഴിവാക്കി രണ്ട് താരങ്ങളുടെയും രാജി സ്വീകരിക്കാനുളള നടപടിയാണ് റെയില്‍വേ സ്വീകരിച്ചിരിക്കുന്നത്.