ന്യൂഡൽഹി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതന നിരക്ക് വർദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. വേരിയബിൾ ഡിയർനസ് അലവൻസ് (വിഡിഎ) പരിഷ്‌കരിച്ചതായി തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. കെട്ടിട നിർമ്മാണം, ലോഡിങ്, അൺലോഡിങ്, വാച്ച് ആൻഡ് വാർഡ്, സ്വീപ്പിങ് ക്ലീനിങ്, ഹൗസ് കീപ്പിങ്, മൈനിങ്, സെൻട്രൽ സ്‌ഫിയർ സ്ഥാപനങ്ങളിലെ കൃഷി തുടങ്ങി വിവിധ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പുതുക്കിയ കൂലി നിരക്കിന്‍റെ പ്രയോജനം ലഭിക്കും.
പുതിയ വേതന നിരക്കുകൾ 2024 ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. 2024 ഏപ്രിലിലാണ് അവസാനമായി വേതന നിരക്ക് പുനഃപരിശോധിച്ചത്. നൈപുണ്യ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് മിനിമം വേതന നിരക്കുകൾ തരംതിരിച്ചിരിക്കുന്നത്. അവിദഗ്‌ധ, അർദ്ധ- വിദഗ്‌ധ, വിദഗ്‌ധ, ഉയർന്ന വൈദഗ്ധ്യമുള്ള എന്നിങ്ങനെയും ഭൂമിശാസ്‌ത്രപരമായ പ്രത്യേകത അനുസരിച്ച് എ, ബി, സി എന്നിങ്ങനെയുമാണ് തരംതിരിക്കല്‍.
പരിഷ്‌ക്കരണത്തിന് ശേഷം, അവിദഗ്‌ധ വിഭാഗത്തില്‍പ്പെടുന്ന നിർമ്മാണം, സ്വീപ്പിങ്, ശുചീകരണം, ലോഡിങ്, അൺലോഡിങ് മേഖലകളിലെ തൊഴിലാളികൾക്ക് പ്രതിദിനം 783 രൂപയും (പ്രതിമാസം 20,358 രൂപ), അർദ്ധ-വൈദഗ്‌ധ്യ മേഖലയിലുള്ളവര്‍ക്ക് 868 രൂപയും (പ്രതിമാസം 22,568), വൈദഗ്ധ്യ വിഭാഗമായ ക്ലെറിക്കല്‍, ആയുധമില്ലാത്ത വാച്ച് ആന്‍ഡ് വാര്‍ഡ് തൊഴിലാളികള്‍ക്ക് ഒരു ദിവസം 954 രൂപയും (പ്രതിമാസം 24,804 രൂപ), ഉയർന്ന വൈദഗ്ധ്യമുള്ള, ആയുധമുള്ള വാച്ച് ആന്‍ഡ് വാർഡുകൾക്ക് ഒരു ദിവസം 1,035 (പ്രതിമാസം 26,910 രൂപ) രൂപയുമാണ് വേതനം.