ന്യൂഡൽഹി:ഐഐടി-ജെഇഇ പരീക്ഷാഫലത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഐഐടിപിയ്‌ക്കാണ് മൂന്ന് ലക്ഷം രൂപ പിഴ ചുമത്തിയത്. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് പിഴ ചുമത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പരസ്യങ്ങളിൽ ഐഐടി ടോപ്പർ, നീറ്റ് ടോപ്പർ തുടങ്ങിയ തലക്കെട്ടുകളോടെ വിദ്യാർഥികളുടെ ചിത്രങ്ങൾ നൽകിയിരുന്നു. വിദ്യാർഥികൾ ദേശീയ തലത്തിലല്ല, സ്ഥാപനത്തിനുള്ളിൽ മാത്രമാണ് ഒന്നാം റാങ്കുകാർ എന്ന് ഇൻസ്റ്റിറ്റ്യൂട്ട് മനഃപൂർവ്വം മറച്ചുവച്ചു. ഈ വിദ്യാർഥികൾ അതത് പരീക്ഷകളിൽ അഖിലേന്ത്യാ റാങ്ക് നേടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്നുവെന്നാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ കണ്ടെത്തൽ. സ്ഥിരമായി മികച്ച റിസള്‍ട്ട് കിട്ടുന്ന ഇൻസ്റ്റിറ്റ്യൂട്ട് എന്ന രീതിയിൽ പ്രചരിപ്പിക്കാൻ വേണ്ടിയുള്ള ശ്രമമാണിതെന്നും സിസിപിഎ നിരീക്ഷിച്ചു.