പട്‌ന :നീറ്റ് പരീക്ഷ പേപ്പർ ചോർച്ച കേസ് അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ. ആറ് സംസ്ഥാനങ്ങളിലായി അന്വേഷണം നടക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്‍റെ (ഇഒയു) പട്‌ന സോണിലെത്തി.
ഞായറാഴ്‌ചയാണ് (ജൂണ്‍ 23 ) നീറ്റ് പേപ്പർ ചോർച്ച കേസ് സിബിഐക്ക് വിടുന്നതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചത്. ഐപിസി സെക്ഷൻ 120-ബി (ക്രിമിനൽ ഗൂഢാലോചന), 420 (വഞ്ചന) എന്നിവ പ്രകാരം അജ്ഞാതരായ വ്യക്തികൾക്കെതിരെ സിബിഐ എഫ്ഐആർ ഫയൽ ചെയ്‌തിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ രണ്ടംഗ സംഘം പട്‌നയിലെ ഇ.ഒ.യു ഓഫിസിലെത്തി കേസിന്‍റെ രേഖകൾ ഔദ്യോഗികമായി ഏറ്റുവാങ്ങി.
ഈ കേസിൽ 18 പേരെ പട്‌ന ഇഒയു അറസ്റ്റ് ചെയ്‌തതായാണ് റിപ്പോര്‍ട്ട്. ഇവരെ ഡൽഹിയിലെത്തിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്. പട്‌നയിലെ ഒരു വീട്ടിൽ നിന്ന് കണ്ടെടുത്ത കത്തിച്ച നിലയിലുള്ള ചോദ്യപേപ്പറിന്‍റെ കഷണങ്ങൾ, അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ലാപ്‌ടോപ്പുകൾ, പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ, റഫറൻസ് ചോദ്യപേപ്പറുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും സിബിഐ സംഘം ഇഒയു ഓഫിസിലെത്തി ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്.