ഹാപൂർ (ഉത്തർപ്രദേശ്):ഡൽഹി-ലഖ്‌നൗ ഹൈവേയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് ദാരുണാന്ത്യം. ഹാപൂർ ജില്ലയിലെ ഗാർ-കോട്‌വാലി മേഖലയിലാണ് തിങ്കളാഴ്‌ച രാത്രി അപകടം നടന്നത്. അമിതവേഗതയിൽ വന്ന കാർ ഡിവൈഡർ തകർത്ത് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ആറ് പേർ മരിച്ചതായി ഹാപൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (എഎസ്‌പി) രാജ്‌കുമാർ അഗർവാൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവറടക്കം ആകെ 7 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ 6 പേർ സംഭവസ്ഥലത്തുതന്നെ മരപ്പെട്ടു. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ദേശീയ പാതയായ ഗഡ് കോട്വാലി ഏരിയയിൽ ബ്രിജ്ഘട്ട് ടോൾ പ്ലാസയ്‌ക്ക് സമീപത്ത് വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. ഡിവൈഡർ തകർത്ത് മറുവശത്ത് എത്തിയ കാർ ആ വഴിയിൽ വന്ന ട്രക്കുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.