ന്യൂഡൽഹി :യുജിസി-നെറ്റ് റദ്ദാക്കിയതിന് തൊട്ടുപിന്നാലെ, മോദി സർക്കാരിനെ “പേപ്പർ ചോർച്ച സർക്കാർ” എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ്. വിദ്യാഭ്യാസ മന്ത്രി ഇപ്പോഴെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്നും കോൺഗ്രസ് ചോദിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ ക്രമക്കേടുകളിൽ സർക്കാരിനെ കടന്നാക്രമിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴാണ് നീറ്റ് പരീക്ഷാ ചർച്ച നടത്തുകയെന്നും ചോദിച്ചു.
'ഇന്നലെയാണ് രാജ്യത്തെ വിവിധ നഗരങ്ങളിൽ യുജിസി നെറ്റ് പരീക്ഷ നടത്തിയത്. പേപ്പർ ചോർച്ചയെന്ന് സംശയിച്ച് പരീക്ഷ റദ്ദാക്കി. ആദ്യം നീറ്റ് പേപ്പർ ചോർന്നു, ഇപ്പോൾ യുജിസി നെറ്റ് പേപ്പർ ചോർന്നു. മോദി സർക്കാർ ഒരു പേപ്പർ ചോർച്ച സർക്കാർ ആയി മാറി' - കോണ്ഗ്രസ് എക്സിൽ കുറിച്ചു.
യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ വിജയമാണ്. യുവാക്കളുടെ ഭാവി ചവിട്ടിമെതിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമമാണ് തോറ്റുപോയതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. യുജിസി-നെറ്റ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടതിന് പിന്നാലെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയും സർക്കാരിനെ വിമർശിച്ചു.