നോർത്ത് 24 പർഗാനാസ് (പശ്ചിമ ബംഗാൾ) :2010 ന് ശേഷം നൽകിയ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒബിസി സംവരണം തുടരുമെന്നും ആവശ്യമെങ്കിൽ താൻ മേല്‍ കോടതികളെ സമീപിക്കുമെന്നും അവർ പറഞ്ഞു. ദുംദും ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള പാനിഹാട്ടിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മമത.
കോടതികളിൽ എല്ലാവരും മോശക്കാരല്ല, താൻ ജുഡീഷ്യറിയെ ബഹുമാനിക്കുന്നു, പക്ഷേ ഈ ഉത്തരവ് താൻ അംഗീകരിക്കുന്നില്ല. ഒബിസി സംവരണം തുടരും. അവർക്ക് തന്നെ അറിയില്ലെന്നും അവരുടെ ഇഷ്‌ടങ്ങൾക്കനുസരിച്ച് വഴങ്ങുന്ന ആളല്ല താൻ എന്നും അവർ പറഞ്ഞു. ഒബിസി സംവരണം നിയമം അനുസരിച്ചാണ് നടപ്പാക്കിയതെന്നും നേരത്തെ തന്നെ ഇതിനെതിരെ ഹർജികൾ നൽകിയിരുന്നെങ്കിലും അപ്പീൽ നൽകിയവർ പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
"ഞങ്ങൾ നിയമപ്രകാരം സർവേകൾ നടത്തിയാണ് ഒബിസി സംവരണം നടപ്പിലാക്കിയത്. ഇതിനെ കുറിച്ച് ഒന്നിലധികം റിപ്പോർട്ടുകൾ സമർപ്പിച്ച സമിതിയുടെ ചെയർമാനായിരുന്നു ഉപേൻ ബിശ്വാസ്. അന്നും ഈ വിഷയത്തിൽ കോടതിയിൽ കേസുകൾ ഉണ്ടായിരുന്നുവെങ്കിലും അപ്പീലുകൾ ആ കേസുകളിൽ പരാജയപ്പെട്ടു," എന്നും മമത ബാനർജി സൂചിപ്പിച്ചു.