ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ അസമിൽ വ്യാപക പ്രതിഷേധം (Citizenship Amendment Act, 2019) . നിയമനിർമ്മാണത്തിനെതിരെ നിയമപരമായും അല്ലാതെയും പോരാടുമെന്ന് അസമിലെ വിദ്യാർഥി സംഘടനയായ ഓൾ അസം സ്റ്റുഡൻ്റ്സ് യൂണിയൻ അറിയിച്ചു. 1979-ൽ അനധികൃതമായി കുടിയേറ്റം നടത്തിയവരെ കണ്ടെത്തി നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ആറ് വർഷത്തോളം നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ എഎഎസ്‌യു സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധ റാലികളാണ് കഴിഞ്ഞദിവസം സംഘടിപ്പിച്ചത്.
എഎഎസ്‌യു ഉൾപ്പെടയുള്ള 30 തദ്ദേശീയ രാഷ്ട്രീയേതര സംഘടനകളാണ് നിയമത്തിൻ്റെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധിച്ചത്. പ്രതിസഷേധത്തിന്‍റെ ഭാഗമായി അസമിൽ ഇന്ന് പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനവ്യപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ കർശനമാക്കുന്നതിനായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2019 ൽ ഡിസംബർ 9-ന് ബില്ല് ലോക്‌സഭയുടെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച സമയത്ത് കടുത്ത പ്രതിഷേധങ്ങൾ നടന്ന നഗരങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
സിഎഎയ്‌ക്കെതിരായ ഞങ്ങളുടെ അക്രമരഹിതവും സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധങ്ങൾ തുടരുമെന്ന് എ എസ് യു ഉപദേഷ്‌ടാവ് സമുജ്ജൽ ഭട്ടാചാര്യ പറഞ്ഞു. ചൊവ്വാഴച പ്രദേശത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സിഎഎയുടെ പകർപ്പുകൾ നോർത്ത് ഈസ്റ്റ് സ്റ്റുഡൻ്റ് ഓർഗനൈസേഷൻ കത്തിക്കും. വരും ദിവസങ്ങളിൽ ടോർച്ച് ലൈറ്റ് ഘോഷയാത്രകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മുതല്‍ രാജ്യ വ്യാപക പ്രതിഷേധത്തിനും ചര്‍ച്ചയ്ക്കും വഴിവച്ച വിഷയമാണ് പൗരത്വ ഭേദഗതി. 2019 ഡിസംബർ 9-ന് ബില്ല് ലോക്‌സഭയുടെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുകയും പാസാക്കുകയും ചെയ്‌തു. 2019 ഡിസംബർ 11ന് ആണ് രാജ്യസഭ പൗരത്വ ഭേദഗതി നിയമം പാസാക്കുന്നത്. രാജ്യസഭയിലെ 125 എംപിമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ 99 പേർ എതിർത്തും വോട്ട് ചെയ്‌തു. ഡിസംബർ 12ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെക്കുകയും ചെയ്‌തിരുന്നു.