കുളു : ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തിൽ വ്യാപക നഷ്‌ടം. കുളുവിലെ പാർവതി നദിയുടെ തീരത്ത് നിർമിച്ച ബഹുനില കെട്ടിടം തകർന്ന് ഒലിച്ചുപോകുന്നതിന്‍റെ ദ്യശ്യം പുറത്ത്. കെട്ടിടം തകർന്ന് വീഴുന്നതിനിടെ ആളുകൾ പരിഭ്രാന്തരായി നിലവിളിക്കുന്നതും ദ്യശ്യങ്ങളിൽ കാണാം.
3 നിലകളുള്ള കെട്ടിടത്തിൽ നിരവധി കടകൾ പ്രവർത്തിച്ചിരുന്നു. 'ഖതം സബ്‌സി മണ്ടി ഖതം (പച്ചക്കറി കട പോയി)' എന്ന് പുറകിൽ നിന്ന് അലറുന്ന ശബ്‌ദവും വിഡിയോയിൽ നിന്ന് കേൾക്കാം. ഷിംലയിലെ രാംപൂർ സബ് ഡിവിഷനിലും മാണ്ഡി ജില്ലയിലെ പധറിലും നിരവധി വീടുകളും റോഡുകളുമാണ് കനത്ത മഴയെ തുടർന്ന് ഒലിച്ചുപോയത്. രണ്ട് ജലവൈദ്യുത പദ്ധതികളും തകർന്നു.
ദേശീയ ദുരന്ത നിവാരണ സേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, പൊലീസ്, ഹോം ഗാർഡുകൾ എന്നിവർ രക്ഷാപ്രവർത്തനം തുടരുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി ഡ്രോണുകളും ഉപയോഗപ്പെടുത്തുന്നുണ്ട്.