കേരളം

kerala

ETV Bharat / bharat

ബജറ്റ് 2024-25: ധനമന്ത്രി നിര്‍മല സീതാരാമനില്‍ നിന്ന് ആശ്വാസം പ്രതീക്ഷിച്ച് ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായ മേഖലകള്‍ - MSME Sector Seeks Relief - MSME SECTOR SEEKS RELIEF

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ മുപ്പത് ശതമാനവും സംഭാവന ചെയ്യുന്നത് ഇടത്തരം, ചെറുകിട, സൂക്ഷ്‌മ (എംഎസ്എംഇ) വ്യവസായ മേഖലകളാണ്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖല കൂടിയാണിത്. അത് കൊണ്ട് തന്നെ ഈ മേഖലയ്ക്ക് ഇക്കുറി ബജറ്റില്‍ മതിയായ പരിഗണന കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍. വ്യവസായമേഖലയ്ക്ക് ആവശ്യമായ വായ്പ പദ്ധതികള്‍, നികുതിയിളവ്, അടിസ്ഥാന സൗകര്യ നിക്ഷേപം, ഡിജിറ്റല്‍ പിന്തുണ, നൈപുണ്യ വികസനം, തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഈ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടാല്‍ വളര്‍ച്ചയും തൊഴില്‍ സൃഷ്‌ടിയുമുണ്ടാകും. കൃഷ്‌ണാനന്ദ് എഴുതുന്നു

BUDGET 2024 25  ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  ചെറുകിട ഇടത്തരം സൂക്ഷ്‌മ മേഖലകള്‍  FINANCE MINISTER
പ്രതീകാത്മക ചിത്രം (ETV Bharat)

By ETV Bharat Kerala Team

Published : Jul 12, 2024, 12:01 PM IST

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് രാജ്യത്തെ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം കമ്പനികള്‍. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ മുപ്പത് ശതമാനവും ഈ മേഖലയില്‍ നിന്നുള്ള സംഭാവനയാണ്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവും എംഎസ്എംഇ മേഖലയാണ്.

ഈമേഖലയെക്കുറിച്ച് ധനമന്ത്രിക്ക് ഏറെ കരുതലുണ്ടെന്നതിന്‍റെ തെളിവാണ് ഇടക്കാല ബജറ്റില്‍ ഈ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ചില പ്രഖ്യാപനങ്ങള്‍ ഉണ്ടായത്. സര്‍ക്കാരിന്‍റെ നയരൂപീകരണത്തില്‍ മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. യഥാസമയം മതിയായ ധനസഹായം, ആഗോളതലത്തില്‍ കിടപിടിക്കാനുതകും വിധമുള്ള സാങ്കേതിക, പരിശീലന പദ്ധതികളും ഉറപ്പാക്കുമെന്ന് മന്ത്രി ഇടക്കാല ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.

മേഖലയുടെ വികസനത്തിനായി സമ്മിശ്ര നയങ്ങള്‍ ഉറപ്പാക്കുമെന്നും ഇടക്കാല ബജറ്റില്‍ മന്ത്രി വ്യക്തമാക്കി. ബജറ്റിന് മുന്നോടിയായി കഴിഞ്ഞ ദിവസം എംഎസ്എംഇ മേഖലയിലെ പ്രതിനിധികളുമായി അവരുടെ പ്രശ്‌നങ്ങള്‍ അറിയുന്നതിനായി റിസര്‍വ് ബാങ്ക് മുംബൈയില്‍ ഒരു പ്രത്യേക യോഗം നടത്തിയിരുന്നു.

എംഎസ്എംഇ മേഖല നേരിടുന്ന മൂന്ന് പ്രധാന വെല്ലുവിളികള്‍ ധനമന്ത്രി ഫെബ്രുവരിയിലെ ബജറ്റ് പ്രസംഗത്തില്‍ എടുത്ത് കാട്ടിയിരുന്നു. പണ ലഭ്യതയിലെ പ്രശ്‌നങ്ങള്‍, സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിലെ പ്രശ്നങ്ങള്‍, മതിയായ പരിശീലനമില്ലായ്മ എന്നിവയാണ് ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. വരുന്ന ബജറ്റില്‍ ഈ മേഖല നേരിടുന്ന ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധനമന്ത്രി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഐടി ഹാര്‍ഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിനുള്ള നിക്ഷേപ ചെലവുകള്‍ക്ക് ഒറ്റത്തവണ വായ്‌പകള്‍ പോലുള്ള പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് എംഎസ്എംഇ പ്രതിനിധികള്‍ ബജറ്റിന് മുന്നോടിയായി ആവശ്യപ്പെട്ടു. ഇത് വഴി തങ്ങളുടെ വ്യവസായം മുന്നോട്ട് കൊണ്ടു പോകുന്നതിന് സാങ്കേതികതയെ കൂടുതല്‍ ഉപയോഗിക്കാനാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ചെറുകിട കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള നിയമങ്ങള്‍ പലതും സങ്കീര്‍ണമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇതില്‍ ചില ഇളവുകള്‍ ഉണ്ടായാല്‍ തങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുമെന്നും ഇവര്‍ വ്യക്തമാക്കി.

ജിഎസ്‌ടിയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളാണ് തങ്ങള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നമെന്നും ഇവര്‍ വ്യക്തമാക്കി. ചെറുകിട വ്യവസായികള്‍ക്ക് ഇ -ഇന്‍വോയ്‌സുകളും ജിഎസ്‌ടിഎന്‍ പോര്‍ട്ടലുകളും ഇ വേ ബില്ലുകളും മറ്റും ഉപയോഗിക്കുന്നത് വളരെ പ്രയാസമേറിയ സംഗതികളാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള സമ്പൂര്‍ണ ബജറ്റില്‍ കൊവിഡ് മഹാമാരി ഈ രംഗത്തുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ധനമന്ത്രി എടുത്ത് കാട്ടുകയും ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

കൊവിഡ് കാലത്ത് ചെറുകിട വ്യവസായ മേഖലകള്‍ക്ക് നല്‍കിയിരുന്ന സര്‍ക്കാര്‍ , സര്‍ക്കാര്‍ അനുബന്ധ മേഖലയിലെ കരാറുകള്‍ മഹാമാരി മൂലം പൂര്‍ത്തിയാക്കാനായിട്ടില്ലെങ്കില്‍ 95ശതമാനം തുകയും തിരികെ നല്‍കുമെന്നും സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഇത് എംഎസ്എംഇ മേഖലയ്ക്ക് ആശ്വാസമാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സമാനമായ കൂടുതല്‍ നടപടികള്‍ മേഖലയ്ക്ക് സഹായമാകും. അത് പോലെ തന്നെ വേഗത്തില്‍ വായ്‌പ ലഭിക്കാന്‍ വേണ്ട നടപടികളും മേഖലയ്ക്ക് കരുത്താകും.

വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെയും ഈ മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാനാകും. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആഗോള വിതരണ ശൃംഖലയുടെ സുസ്ഥിരതയിലുണ്ടാക്കിയ പ്രശ്നങ്ങള്‍ ഇവരെ ബാധിച്ചിട്ടുണ്ട്. ഇവരുടെ സൈബര്‍ സുരക്ഷ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ആവിഷ്ക്കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കുത്തക ഐടി കമ്പനികള്‍ ചെയ്യുന്നത് പോലെ വന്‍ തുക ചെലവിട്ട് തങ്ങള്‍ക്ക് ഇത്തരം വെല്ലുവിളികള്‍ നേരിടാനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:ആദായ നികുതി അടയ്‌ക്കുന്നവര്‍ക്ക് ആശ്വാസം; കേന്ദ്ര ബജറ്റില്‍ ഇക്കുറി ഇളവുകള്‍, അറിയേണ്ടതെല്ലാം

ABOUT THE AUTHOR

...view details