ബിക്കാനീർ (രാജസ്ഥാൻ) : രാജസ്ഥാന്‍ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലില്‍ പപ്പടം ചുട്ടെടുക്കുന്ന ബിഎസ്എഫ് ജവാന്‍റെ വീഡിയോ വൈറല്‍. രാജസ്ഥാനിലെ ഉഷ്‌ണ തരംഗത്തിനിടയിൽ ചൂട് മണലിൽ ജവാൻ പപ്പടം വറുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (ഐഎംഡി) കണക്കനുസരിച്ച്, പടിഞ്ഞാറൻ രാജസ്ഥാന്‍റെ ചില ഭാഗങ്ങളിലും പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, കിഴക്കൻ രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിലും മെയ് 22 മുതൽ 26 വരെ ഉഷ്‌ണ തരംഗം തുടരാൻ സാധ്യതയുണ്ട്.
അടുത്ത അഞ്ച് ദിവസങ്ങളിൽ ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും പകല്‍ സമയത്ത് പരമാവധി താപ നില 47 ഡിഗ്രി സെൽഷ്യസ് കടന്നേക്കാമെന്നാണ് മുന്നറിയിപ്പ്.