തിരുവനന്തപുരം: 63മത് സംസ്ഥാന കലോത്സവത്തിന്‍റെ പത്താം വേദിയിലാണ് ഒരിക്കൽ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയേയും കച്ചേരി നടത്തി ഞെട്ടിച്ച കണ്‍മണിയെ ഇടിവി ഭാരത് സംഘം കാണാനിടവന്നത്. വിദ്യാർഥിനിയായിരിക്കേ 2019ല്‍ ആണ് രാഷ്ട്രപതി ഭവനിൽ കണ്‍മണി കച്ചേരി അവതരിപ്പിക്കുന്നത്.
ജന്മനാ ശാരീരിക പരിമിതികളുള്ള കണ്മണിക്ക് രണ്ട് കൈകളും ഇല്ല. കാലുകൾക്ക് വലിപ്പ കുറവുള്ളതിനാല്‍ നടക്കാനും ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ശരീരത്തിന്‍റെ പരിമിതികള്‍ കണ്‍മണിയെ മാനസികമായി തെല്ലും തളർത്തുന്നില്ല.
കുറവുകളെ അതിജീവിച്ച് കണ്‍മണി സംഗീതം പഠിച്ചു. ഇന്ത്യയിലും വിദേശത്തുമായി 500ല്‍ അധികം കച്ചേരികൾ നടത്തി. അങ്ങനെയിരിക്കയാണ് 2019 ൽ രാഷ്ട്രപതി ഭവനിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അന്നത്തെ രാഷ്ട്രപതിയായിരുന്നു രാംനാഥ് കോവിന്ദിനും മുന്നിൽ കച്ചേരി അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത്.
കണ്‍മണിയുടെ ആലാപനത്തിൽ മതിമറന്ന പ്രധാനമന്ത്രിയും രാഷ്ട്രപതിയും എഴുന്നേറ്റു നിന്ന് കൈയ്യടിക്കുകയും ആശംസ വാക്കുകൾ പറയുകയും ചെയ്‌തു. സംഭവം അക്കാലത്ത് വലിയ വാർത്തയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആലപ്പുഴ സ്വദേശിയായ കണ്‍മണി ഈ വർഷമാണ് തിരുവനന്തപുരം സംഗീത കോളജിൽ നിന്ന് ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. 63-ാമത് സംസ്ഥാന കലോത്സവത്തിന്‍റെ പത്താം വേദി സ്വാതി തിരുനാൾ സംഗീത കോളജിലാണ്.
താൻ പഠിച്ച കോളജിലെ കലോത്സവ വേദിയിൽ മത്സരാർഥികളെ നേരിൽ കാണാനും ആത്മവിശ്വാസം പകരുവാനുമാണ് കണ്‍മണി എത്തിയത്. ആലപ്പുഴ സ്വദേശിയായ കണ്‍മണി ഇപ്പോൾ തിരുവനന്തപുരത്താണ് താമസം.
ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന കലോത്സവത്തിന് ശേഷം ഇപ്പോൾ തിരുവനന്തപുരത്ത് നടക്കുന്ന കലോത്സവമാണ് നേരിൽ കണ്ട് ആസ്വദിക്കാൻ അവസരം ലഭിച്ചതെന്ന് കൺമണി പറഞ്ഞു.
സംഗീതത്തിൽ മാത്രമല്ല കണ്മണി അഗ്രഗണ്യ. കാലുകൾ കൊണ്ട് കണ്‍മണി മനോഹരമായി ചിത്രങ്ങൾ വരയ്ക്കും. കർണാട്ടിക് മ്യൂസിക്കിൽ ആണ് കണ്‍മണി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കലോത്സവത്തിനെത്തിയ മത്സരാര്‍ഥികളോട് സ്വന്തം ജീവിതം മുൻനിർത്തി കൺമണിക്ക് ഒന്നേ പറയാനുള്ളൂ...
ബി പോസിറ്റീവ് ഓൾവേയ്‌സ്. നമുക്ക് നേടാനുള്ളത് നമ്മൾ നേടിയെടുക്കണം. പരാജയപ്പെട്ടാലും തലയുയർത്തി നിൽക്കണം. നിങ്ങളുടെ കുറവുകളും പോരായ്‌മകളും വലിയ വിജയങ്ങളിലേക്കുള്ള ഒറ്റക്കൽ പാതകളായി മാത്രം കരുതുക.
Also Read: കഥയറിഞ്ഞ് ആടി; തിരുവരങ്ങില്‍ കഥകളിയുമായി കലാകാരന്മാര്‍