ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 'പണി പഠിച്ച് 'വരുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കരണ്‍ സിങ്. അതേസമയം പ്രിയങ്കാഗാന്ധി വാദ്രയെ അദ്ദേഹം വാനോളം പുകഴ്‌ത്തുന്നുമുണ്ട്. പ്രിയങ്ക മിടുമിടുക്കിയാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നെഹ്‌റു-ഗാന്ധി കുടുംബത്തിലെ നാല് തലമുറകളുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ചും അദ്ദേഹം പിടിഐയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ വിവരിക്കുന്നു. നിലവില്‍ ജമ്മുകശ്‌മീരില്‍ സദര്‍ ഇ റിയാസത് ആയി പ്രവര്‍ത്തിക്കുകയാണ് 93കാരനായ കരണ്‍ സിങ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹരിയാനയിലെയും മഹാരാഷ്‌ട്രയിലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്തതോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതില്‍ രാഹുല്‍ കടുത്ത വിമര്‍ശനത്തിന് പാത്രമാകുന്നുണ്ട്. എന്നാല്‍ രാഹുല്‍ നല്ല വ്യക്തിയാണെന്നാണ് കരണ്‍ സിങിന്‍റെ പക്ഷം. തനിക്ക് അദ്ദേഹത്തോട് വലിയ വാത്സല്യമാണെന്നും കരണ്‍ സിങ് വ്യക്തമാക്കുന്നു.
താനുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് രാഹുലെന്നും അമേരിക്കന്‍ മുന്‍ സ്ഥാനപതി കൂടിയായ കരണ്‍ സിങ് കൂട്ടിച്ചേര്‍ത്തു. അടുത്തിടെയായി രാഹുലുമായി പക്ഷേ അത്ര അടുപ്പമില്ല. അതേസമയം രാഹുല്‍ ഏറെ മെച്ചപ്പെട്ടുവെന്നും അദ്ദേഹം വിലയിരുത്തി. ഓരോവര്‍ഷവും രാഹുല്‍ മികച്ച് വരുന്നുണ്ട്. അദ്ദേഹം കാര്യങ്ങള്‍ പഠിച്ച് വരുന്നുവെന്നതിന്‍റെ സൂചനയാണിതെന്നും സിങ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം പ്രധാനമന്ത്രിയാകുമോ ഇല്ലയോ എന്നത് കാത്തിരുന്ന കാണേണ്ടതാണ്. എന്നാല്‍ അദ്ദേഹത്തിന് നല്ല കഴിവുണ്ട്. തയാറെടുപ്പുകള്‍ക്ക് സമയം ആവശ്യമാണെന്നും മുന്‍ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം കുട്ടിക്കാലം മുതല്‍ തന്നെ ഏറെ അടുപ്പമുള്ള പ്രിയങ്കയെ പുകഴ്ത്തുന്നതില്‍ അദ്ദേഹം തെല്ലും പിശുക്ക് കാട്ടിയില്ല. ബുദ്ധിമതിയായ പെണ്‍കുട്ടിയാണ്. വളരെ ചുറുചുറുക്കുള്ള പെണ്‍കുട്ടിയാണെന്നും മുപ്പത്താറാം വയസില്‍ ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ അംഗമായ സിങ് ചൂണ്ടിക്കാട്ടി. ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു തന്‍റെ ഗുരുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ദിരാഗാന്ധിയുെട മന്ത്രിസഭയില്‍ പത്ത് വര്‍ഷം പ്രവര്‍ത്തിച്ചു. അവരുടെ ഏറ്റവും നല്ല സമയത്തിനും മോശം സമയത്തിനും താന്‍ സാക്ഷിയായി. ബംഗ്ലാദേശ് വിമോചനകാലമായിരുന്നു ഇന്ദിരയുടെ ഭരണകാലത്തെ ഏറ്റവും മികച്ച നേട്ടം. അടിയന്തരാവസ്ഥയാണ് ഏറ്റവും കെട്ടകാലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1991ലെ രാജീവ് ഗാന്ധി വധം വലിയ ദുരന്തമായിരുന്നു. അദ്ദേഹമായിരുന്നു 21ാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്. സംഗീതപ്രേമിയായ സിങ് ഇപ്പോഴും ആഴ്‌ചയില്‍ ഒരിക്കല്‍ തന്‍റെ സംഗീത സാധന തുടരുന്നുണ്ട്.
2006ല്‍ രാഷ്‌ട്രപതി സ്ഥാനത്തേക്ക് എത്തേണ്ട ആളായിരുന്നു താന്‍. എന്നാല്‍ ഇടത് പാര്‍ട്ടികളാണ് ഇതിന് തുരങ്കം വച്ചതെന്നും സിങ് വെളിപ്പെടുത്തുന്നു. സോണിയാ ഗാന്ധി തന്‍റെ പേര് രാഷ്‌ട്രപതിപദത്തിലേക്ക് നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു മഹാരാജാവിനെ എങ്ങനെയാണ് രാഷ്‌ട്രപതിയാക്കുക എന്ന് ഇടതുപാര്‍ട്ടികള്‍ ആരാഞ്ഞതായി അദ്ദേഹം പറയുന്നു.
തുടര്‍ന്ന് 2007ല്‍ പ്രതിഭാ പാട്ടീലിനെ രാഷ്‌ട്രപതിയാക്കി. അതേസമയം രാഷ്‌ട്രപതിയാക്കാത്തതില്‍ തനിക്ക് ഖേദമൊന്നുമില്ലെന്ന് യുനെസ്‌കോയിലും ഇന്ത്യയുടെ സാംസ്‌കാരിക റിലേഷന്‍ കൗണ്‍സിലിലും പ്രവര്‍ത്തിച്ചിരുന്ന സിങ് വ്യക്തമാക്കുന്നു.