തിരുവനന്തപുരം: സംസ്ഥാന കലോത്സവ വേദിയാകെ പുതിയ താളം മനം നിറഞ്ഞ് കേട്ടിരുന്നു. പലരുടെ മുഖത്തും കൗതുകം. തുളു ഭാഷയിലെ വരികൾക്കൊപ്പം തുടിതാളവും പാളത്തൊപ്പിയുമായി അവർ അരങ്ങു തകർത്തു.
കലോത്സവ ചരിത്രത്തിലേക്ക് പേരെഴുതിച്ചേർത്താണ് മംഗലം കളി അരങ്ങേറിയത്. എല്ലാം ഒന്നിനൊന്നു മെച്ചമെന്ന് കാണികളും. സംസ്ഥാന കലോത്സവത്തിൽ ആദ്യമായാണ് മംഗലം കളി വേദിയിൽ എത്തുന്നത്. ഇത് നേരത്തെ എത്തേണ്ടിയിരുന്നതെന്ന് കാണികൾ അഭിപ്രായപ്പെട്ടു.
മാവിലൻ-വേട്ടുവ ആദിവാസി സമൂഹങ്ങളുടെ വിവാഹാഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത മംഗലംകളി ആദ്യമായാണ് കലോത്സവ ഇനമായി അവതരിപ്പിക്കുന്നത്. സമുദായത്തിലെ വിവാഹച്ചടങ്ങിന് തലേന്ന് സ്ത്രീകളെല്ലാവരും ചേർന്ന് ആടിപ്പാടിയാണ് മംഗലം കളി കളിക്കുന്നത്. ആടിപ്പാടി ആവേശം കൂടി അവസാനത്തിലേക്കെത്തുമ്പോഴേക്കും സ്വന്തം ദേഹത്ത് അടിച്ചടിച്ചാണ് കളി പുരോഗമിക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അടിച്ചമർത്തപ്പെട്ട സമുദായങ്ങളുടെ പ്രതിഷേധമായും ഇതിനെ കാണുന്നുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിൽ മംഗലം കളി ഇപ്പോഴുമുണ്ട്. കഴിഞ്ഞ വർഷം കലോത്സവ വേദിയിൽ കാസർകോട് ഗവ.മോഡൽ റസിഡൻഷ്യൽ എച്ച്എസ്എസ് ഫോർ ഗേൾസിലെ വിദ്യാർഥികൾ മംഗലംകളി പ്രദർശനയിനമായി അവതരിപ്പിച്ചിരുന്നു.
പുതുമകളോടെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അഞ്ച് ഗോത്ര കലകളാണ് ഇത്തവണ ഉൾപ്പെടുത്തിയത്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത മലപുലയ ആട്ടം, പളിയ നൃത്തം, പണിയ നൃത്തം, ഇരുള നൃത്തം എന്നിവ നാളെ മുതൽ അരങ്ങിൽ എത്തും.
Also Read : ചരിത്രത്തിൽ ആദ്യമായി കലോത്സവ വേദിയിൽ ഇരുള നൃത്തം; അഭിമാനമായി കലാകാരികള്‍