ബെംഗളൂരു: പോക്‌സോ കേസിൽ മുൻകൂർ ജാമ്യം തേടി കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബെംഗളൂരു സദാശിവനഗർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് സർക്കാർ നേരത്തെ കേസ് സിഐഡിക്ക് കൈമാറിയിരുന്നു.
അടുത്തിടെ യെദ്യൂരപ്പയ്ക്ക് സിഐഡി നോട്ടീസ് നൽകുകയും വാദം കേൾക്കാൻ ഹാജരാകാൻ നിർദേശിക്കുകയും ചെയ്‌തു. എന്നാൽ അറസ്റ്റ് ഭയന്ന യെദ്യൂരപ്പ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2024 ഫെബ്രുവരിയിൽ മകൾ പീഡിപ്പിക്കപ്പെട്ടുവെന്ന് കാണിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മ മാർച്ച് 14 ന് സദാശിവനഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പിന്നീട് കേസിൻ്റെ അന്വേഷണം സിഐഡിക്ക് കൈമാറി. എന്നാൽ പരാതി നൽകിയ യുവതി അസുഖത്തെ തുടർന്ന് അടുത്തിടെ മരിച്ചു.
പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യെദ്യൂരപ്പ നേരത്തെ തന്നെ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ യെദ്യൂരപ്പയുടെ അപേക്ഷ ഇതുവരെ കോടതി പരിഗണിച്ചിട്ടില്ല. ഇപ്പോൾ മുൻകൂർ ജാമ്യം തേടി മറ്റൊരു അപേക്ഷ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
Also Read: 42 കേസുകൾ, സ്‌ത്രീകള്‍ക്കെതിരായ അതിക്രമം അടക്കം; മോദി സർക്കാരിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളുള്ളത് ആഭ്യന്തര സഹമന്ത്രിക്ക്