ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള 2023 ലെ ബിബിസിയുടെ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്‍ററി സീരീസ് തടയാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് യഥാർഥ രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാഴ്‌ചയ്‌ക്കകം ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.
ഡോക്യുമെന്‍ററിയുടെ സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്‌ത് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അഭിഭാഷകൻ എം എൽ ശർമ എന്നിവർ സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ തീരുമാനം. ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തോട് രേഖകള്‍ സമര്‍പ്പിക്കാൻ നിർദേശിച്ചത്.
രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഹര്‍ജിക്കാർക്ക് പുനഃപരിശോധനാ സത്യവാങ്‌മൂലം സമർപ്പിക്കാൻ ബെഞ്ച് അനുമതി നൽകി. കേസ് 2025 ജനുവരിയിൽ അന്തിമ വാദം കേൾക്കുന്നതിനായി മാറ്റിവച്ചു. 'ഈ കേസ് പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ 10 മിനിറ്റിനുള്ളിൽ ഇത് തീർപ്പാക്കാൻ കഴിയില്ല,' എന്ന് ബെഞ്ച് കേന്ദ്രത്തോട് വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റെ പ്രതികരണം ഫയൽ ചെയ്‌തിട്ടില്ലെന്നും ഇതിന് രണ്ടാഴ്‌ച കൂടി സമയം വേണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി യു സിങ് മേത്തയുടെ വാദത്തെ എതിർത്തു. മറുപടി ഫയൽ ചെയ്യേണ്ടതുണ്ടെന്ന് സർക്കാരിന് അറിയാമായിരുന്നിട്ടും ഇതുവരെ അത് ചെയ്‌തിട്ടില്ലെന്നും ഇത് എക്‌സിക്യൂട്ടീവ് തീരുമാനമാണെന്നും സിങ് പറഞ്ഞു. വിഷയത്തില്‍ കേന്ദ്രം മറുപടി നൽകാതെ തന്നെ മുന്നോട്ടുപോകുകയാണെന്ന് ബെഞ്ചിനെ ധരിപ്പിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ കേന്ദ്രത്തിന്‍റെ പ്രതികരണം കോടതി അറിയേണ്ടതുണ്ടെന്ന് ജസ്‌റ്റിസ് ഖന്ന പറഞ്ഞു.
ഡോക്യുമെന്‍ററിയുടെ സംപ്രേക്ഷണം തടയുന്നതിന് ഇൻഫർമേഷൻ ടെക്‌നോളജി (ഇന്‍റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ് 2021 പ്രകാരം സർക്കാർ അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.