ഭുവനേശ്വര്‍:ശൈശവ വിവാഹം വെറുമൊരു സ്ഥിതിവിവരക്കണക്കല്ല, ആഴത്തിൽ വേരൂന്നിയ സാമൂഹിക മാനദണ്ഡങ്ങളും സാമ്പത്തിക വെല്ലുവിളികളും മൂലം ഭാവി അപകടത്തിലാകുന്ന എണ്ണമറ്റ പെൺകുട്ടികളുടെ കഥയാണിത്. പതിനാറാം വയസിൽ, ശൈശ വിവാഹത്തിനെതിരെ ചെറുത്തുനിൽപ്പിൻ്റെ മുഖമായി മാറിയ പ്രിയയുടേത് അത്തരത്തിലുള്ള ഒരു കഥയാണ്.
മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ പ്രിയയും അവളുടെ പതിനാറാം വയസില്‍ സ്വന്തം മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ച് വിവാഹിതയാകേണ്ടതായിരുന്നു, അവളെ എത്രയും പെട്ടെന്ന് വിവാഹം കഴിപ്പിച്ച് അയയ്ക്കണം എന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി ആദ്യം തന്നെ വീട് ചായം പൂശി, അലങ്കാരങ്ങളെല്ലാം പൂര്‍ത്തിയായി. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വിരുന്ന് നല്‍കി തുടങ്ങി. അണിഞ്ഞൊരുങ്ങി വിവാഹവേദിയില്‍ നില്‍ക്കുന്ന പ്രിയയെ കാണാന്‍ ഉറ്റവരെല്ലാം ആകാംക്ഷയോടെ കാത്തുനിന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ പതിനാറാം വയസില്‍ ഒരു പെണ്‍കുട്ടി വിവാഹിതയാകുന്നതിന്‍റെ ദോഷങ്ങളെക്കുറിച്ചും ഭാവിയില്‍ താൻ നേരിടേണ്ടി വന്നേക്കാവുന്ന പ്രശ്‌നങ്ങളെ കുറിച്ചും തന്‍റെ മാതാപിതാക്കളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു അപ്പോഴെല്ലാം പ്രിയ. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. തന്‍റെ പ്രായത്തിലുള്ള മറ്റ് പെണ്‍കുട്ടികളെപ്പോലെ തന്‍റെ സ്വപ്‌നങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്ന് അവള്‍ക്ക് മനസിലായി.
എന്നാല്‍ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അവള്‍ ശൈശവ വിവാഹത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ വാതിലില്‍ സഹായത്തിനായി മുട്ടി. അവര്‍ ഇടപെട്ടതോടെ പ്രിയക്ക് അവളുടെ സ്വപ്‌നങ്ങള്‍ തിരികെ കിട്ടി. ഇപ്പോള്‍ അവള്‍ അവളുടെ ഗ്രാമത്തിലെ വലിയൊരു മാറ്റത്തിന്‍റെ മുഖമാണ്.
വിവാഹം മുടങ്ങിയതോടെ അവള്‍ പഠനം തുടർന്നു. ഒപ്പം സജി ശൈശവ വിവാഹ ബോധവത്ക്കരണത്തിന്‍റെ ബ്രാന്‍ഡ് അംബാസഡറായും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഒഡിഷയിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും അവള്‍ മാതൃകയായി മാറിയിരിക്കുന്നു. ശൈശവ വിവാഹത്തിനെതിരെ അവബോധം സൃഷ്‌ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവളിപ്പോള്‍ സജീവ പങ്കാളിയാണ്.
നമ്മുടെ രാജ്യത്ത് ഇന്നും പലയിടങ്ങളിലും നിലനില്‍ക്കുന്ന ദൗര്‍ഭാഗ്യകരമായ ഒരു യാഥാര്‍ത്ഥ്യമാണ് ശൈശവ വിവാഹം. നിയമപരമായ വിവാഹപ്രായമായ പതിനെട്ട് വയസെത്തും മുമ്പ് തന്നെ രാജ്യത്തെ 23 ശതമാനം പെണ്‍കുട്ടികളും വിവാഹിതരാകുന്നുവെന്നാണ് ദേശീയതലത്തിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ശക്തമായ ബോധവത്ക്കരണം നടക്കുന്നുണ്ടെങ്കിലും ഒഡിഷയില്‍ ഇന്നും ഇരുപത് ശതമാനം ശൈശവ വിവാഹങ്ങള്‍ അരങ്ങേറുന്നുണ്ട്.
റായ്‌ഗഡ്, നയഗഡ് ജില്ലകളില്‍ ശൈശവ വിവാഹത്തിന്‍റെ തോത് ഞെട്ടിക്കുന്നതാണ്. റായ്‌ഗജയില്‍ 39 ശതമാനം പെണ്‍കുട്ടികള്‍ ശൈശവ വിവാഹത്തിനിരയാകുന്നു. നയാഗഡില്‍ ഇത് 36 ശതമാനമാണ്. ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്‌മ, സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ചില ആചാരങ്ങള്‍ എന്നിവയെല്ലാം പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകും മുമ്പ് വിവാഹം കഴിപ്പിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നു. ഇവയെല്ലാം പെണ്‍കുഞ്ഞുങ്ങളുടെ ബാല്യവും ആരോഗ്യവും അവസരങ്ങളുമെല്ലാം കവര്‍ന്നെടുക്കുന്നു.
പെണ്‍കുട്ടികളെ നേരത്തെ വിവാഹം ചെയ്‌തയ്ക്കുന്നതിന് അവര്‍ക്ക് നിരവധി കാരണങ്ങള്‍ നിരത്താനുണ്ട്. കൗമാരകാലത്ത് ചില ബന്ധങ്ങളില്‍ ചെന്ന് ചാടി കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കരുതെന്നതാണ് അതില്‍ പ്രധാനം. അതിനാല്‍ അതിന് മുമ്പ് തന്നെ അവരെ വിവാഹം കഴിച്ച് വിടുന്നു. സാമ്പത്തിക ബാധ്യതകളും സാമൂഹ്യ സമ്മര്‍ദങ്ങളും പെണ്‍കുഞ്ഞുങ്ങളെ നേരത്തെ വിവാഹം കഴിച്ചയ്ക്കാന്‍ പല മാതാപിതാക്കളെയും പ്രേരിപ്പിക്കുന്നു.
മിക്ക പെണ്‍കുട്ടികള്‍ക്കും നേരത്തെയുള്ള വിവാഹം ആരോഗ്യ പ്രശ്‌നങ്ങളോടുള്ള ആജീവനാന്തപോരാട്ടമാണ്. ഇതിന് പുറമെ ഇവരുടെ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നു. വൈകാരിക സംഘര്‍ഷവും ഇവര്‍ക്ക് ജീവിതകാലം മുഴുവനും സമ്മാനിക്കപ്പെടുന്നു.
പ്രിയയെന്ന ഒറ്റയാള്‍ പോരാട്ടം
മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ മാതാപിതാക്കളുടെ ഇഷ്‌ടത്തിന് തന്‍റെ ജീവിതം വിട്ടു കൊടുക്കേണ്ടിയിരുന്ന ഒരു പെണ്‍കുട്ടിയാണ് പ്രിയ. പ്രിയയുടെ മാതാപിതാക്കള്‍ ഒരു ഡെലിവറി കമ്പനിയിലെ മാനേജരുമായി അവളുടെ വിവാഹം ഉറപ്പിച്ചു. അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം ഇത് തന്നെയെന്ന് അവര്‍ കരുതി. എന്നാല്‍ പ്രിയക്ക് തന്‍റെ അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമായിരുന്നു. സ്വന്തം കാലില്‍ നില്‍ക്കണമായിരുന്നു. അത് കൊണ്ട് തന്നെ വിവാഹത്തിന് അവള്‍ വിസമ്മതിച്ചു.
മാതാപിതാക്കള്‍ അവളുടെ പ്രതിഷേധങ്ങള്‍ കാര്യമാക്കിയില്ല. എന്നാല്‍ അവള്‍ കാര്യങ്ങള്‍ അവളുടെ വഴിക്ക് കൊണ്ടു വന്നു. അവള്‍ നാട്ടിലെ ഒരു വനിതാ അവകാശ സംഘടനയെ സമീപിച്ചു. അവരുടെ സഹായം അഭ്യര്‍ത്ഥിച്ചു. വിവാഹത്തിന്‍റെ തലേദിവസം അവരുടെ ഇടപെടലില്‍ അവളുടെ വിവാഹം വേണ്ടെന്ന് വച്ചു. ഇപ്പോള്‍ പ്രിയ പഠനം തുടരുന്നു. ശൈശവ വിവാഹത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു.
തിരിഞ്ഞ് നോക്കുമ്പോള്‍ തനിക്ക് അത്ഭുതം തോന്നുന്നുണ്ട്. എന്‍റെ സ്വപ്‌നങ്ങള്‍ എല്ലാം നഷ്‌ടമായെന്ന് തോന്നിയ ഇടത്ത് നിന്ന് ഇത്രയും ദൂരം പിന്നിടാനായി. മറ്റുള്ളവര്‍ക്കും വേണ്ടിയും പോരാടാന്‍ തനിക്ക് ഇന്ന് സാധിക്കുന്നു. ഒരു പെണ്‍കുട്ടിയും അവളുടെ ഭാവി കളയരുതെന്നും പ്രിയ പറയുന്നു.
ശൈശവ വിവാഹം ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നത് ആര്‍ക്കും നിഷേധിക്കാനാകില്ലെന്ന് ഒഡിഷ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ മന്ദാകിനി കര്‍ പറഞ്ഞു. സ്‌കൂളുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് ശൈശവ വിവാഹങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. 2030ഓടെ രാജ്യത്ത് നിന്ന് ശൈശവ വിവാഹം പൂര്‍ണമായും തുടച്ച് നീക്കാനാണ് നാം ലക്ഷ്യമിടുന്നത്. ഒഡിഷയില്‍ കാര്യങ്ങള്‍ താരതമ്യേന ഭേദമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആളുകള്‍ ഇപ്പോള്‍ കുറച്ച് കൂടി ബോധമുള്ളവരാണ്. അവരുടെ കുട്ടികളെ സ്‌കൂളില്‍ വിടുന്നുണ്ട്. നേരത്തെ അവര്‍ക്ക് നിയമത്തെ കുറിച്ച് അത്ര അറിവുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇവർ കൂടുതല്‍ കരുതല്‍ പുലര്‍ത്തുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദാരിദ്ര്യമാണ് പെണ്‍മക്കളെ നേരത്തെ വിവാഹം കഴിച്ച് വിടാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.