ന്യൂഡല്‍ഹി :രാജ്യതലസ്ഥാനത്തെ ഒന്നിലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് സ്‌കൂളുകളുടെ പരിസരത്ത് ബോംബ് വച്ചതായി കാണിക്കുന്ന ഇ മെയില്‍ സന്ദേശം ലഭിച്ചത്. ദ്വാരകയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഉള്‍പ്പടെയുള്ള സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
വിവരം ലഭിച്ചയുടന്‍ ഡല്‍ഹി പൊലീസും ബോംബ് നിര്‍വീര്യ സേനയും ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ ഒഴിപ്പിച്ചാണ് പരിശോധന നടത്തുന്നത്.
ഡല്‍ഹിയിലെ ഫയര്‍ ഓഫിസര്‍മാര്‍ നല്‍കുന്ന വിവരം അനുസരിച്ച് നിരവധി സ്‌കൂളുകള്‍ക്ക് ഇതിനകം ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് ലഭിച്ച ഇ മെയില്‍ സന്ദേശങ്ങള്‍ ഒരേ രീതിയിലുള്ളവയാണ് എന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഒരേ മെയില്‍ വിവിധ സ്‌കൂളുകള്‍ക്ക് അയച്ചതായാണ് കണ്ടെത്തല്‍. അതേസമയം മെയിലില്‍ തീയതി രേഖപ്പെടുത്തിയിട്ടില്ല.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ച മുഴുവന്‍ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളെ മടക്കി അയച്ച് സ്‌കൂള്‍ അടച്ചതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. ബോംബ് ഭീഷണി സംബന്ധിച്ച് രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ വിവരം നല്‍കിയിട്ടുണ്ട്.
Also Read: ശമ്പളക്കുടിശ്ശിക നൽകിയില്ല ; റസ്‌റ്റോറന്‍റിലേക്ക് മദ്യലഹരിയില്‍ വിളിച്ച് മുന്‍ ജീവനക്കാരന്‍, പിടിച്ചത് വന്‍ 'പുലിവാല്‍' - BENGALURU HOAX BOMB CALL