കേരളം

kerala

ETV Bharat / bharat

രാമനവമി ഘോഷയാത്രയ്‌ക്കിടെ സ്‌ഫോടനം, സംഘർഷഭരിതമായി മുർഷിദാബാദ് ; മൂന്നുപേരുടെ നില ഗുരുതരം - Blast during Ram Navami procession

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരിലേക്ക് എത്താൻ രാമനവമി 'വിനിയോഗിച്ച്' ടിഎംസിയുടെയും ബിജെപിയുടെയും നേതാക്കൾ

RAM NAVAMI CELEBRATIONS  രാമനവമി ഘോഷയാത്ര  VIOLENCE IN RAM NAVAMI PROCESSION  MURSHIDABAD WEST BENGAL VIOLENCE
ram navami

By ETV Bharat Kerala Team

Published : Apr 18, 2024, 3:23 PM IST

മുർഷിദാബാദ് (പശ്ചിമ ബംഗാൾ) :കർശന സുരക്ഷാക്രമീകരണങ്ങൾ ഉണ്ടായിരുന്നിട്ടും രാമനവമി ദിവസം പശ്ചിമ ബംഗാളിൽ പരക്കെ അക്രമം. ന്യൂനപക്ഷ ആധിപത്യമുള്ള മുർഷിദാബാദിൽ കല്ലേറ് മുതൽ ബോംബ് ആക്രമണം വരെ നടന്നു. ആക്രമണത്തിൽ ഒരു സ്‌ത്രീ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. ബോംബ് ആക്രമണത്തിൽ പരിക്കേറ്റ് ബെർഹാംപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

മുർഷിദാബാദിലെ ശക്തിപൂരിൽ ഘോഷയാത്രയ്‌ക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. കൂടാതെ മാണിക്യഹാർ മേഖലയിലും നിരവധി കടകളിൽ കവർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശക്തിപൂരിലെ ഒരു വീടിന്‍റെ മുകളിൽ നിന്ന് അക്രമികൾ ഘോഷയാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

പ്രദേശവാസികളുടെ പ്രതിഷേധ മാർച്ചിന് നേരെയാണ് അക്രമികൾ ബോംബെറിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ശക്തിപൂർ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സ്‌ത്രീയെ മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരിൽ രണ്ട് കുട്ടികളും ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിനിടെ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായപ്പോൾ പൊലീസ് നിഷ്‌ക്രിയരായി നോക്കിനിൽക്കുകയായിരുന്നു എന്ന് ബിജെപി ആരോപിച്ചു. ക്രമസമാധാനം പാലിക്കേണ്ടത് സംസ്ഥാന പൊലീസിൻ്റെ കടമയായിരുന്നു എന്നും അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർഥിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജഗന്നാഥ് ചതോപാധ്യായ പറഞ്ഞു. എന്നാൽ സംഭവത്തിൽ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നാണ് മുർഷിദാബാദ് സ്ഥിതി ചെയ്യുന്നത്. മെയ് നാലിന് മൂന്നാം ഘട്ടത്തിലാണ് മുർഷിദാബാദ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം മുഖ്യമന്ത്രി മമത ബാനർജിയുടെ 'പ്രകോപനപരമായ വർഗീയ പ്രസംഗങ്ങൾ' സംഘർഷത്തിന് കാരണമായെന്നാണ് ബിജെപിയുടെ ആരോപണം.

എന്നാൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘർഷമുണ്ടാക്കുകയാണ് എന്നാണ് ടിഎംസി പറയുന്നത്. "തെരഞ്ഞെടുപ്പിന് മുന്നോടിയായി കലാപം സംഘടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്തരം അക്രമ സംഭവങ്ങളെ ഞങ്ങൾ അപലപിക്കുന്നു, ഇത് ബിജെപിയുടെ കരവിരുതാണ്" - ടിഎംസി നേതാവ് ശന്തനു സെൻ പറഞ്ഞു.

രാമനവമിയോട് അനുബന്ധിച്ച് ഹിന്ദു ജാഗരൺ മഞ്ചും വിശ്വഹിന്ദു പരിഷത്തും (വിഎച്ച്‌പി) സംസ്ഥാനത്തുടനീളം 5,000 പരിപാടികൾ നേരത്തെ ആസൂത്രണം ചെയ്‌തിരുന്നു. ഹിന്ദു ഐക്യം രാഷ്‌ട്രീയത്തിന് അതീതമാണെന്നും അത് ശ്രീരാമനിലുള്ള വിശ്വാസമാണെന്നും വിഎച്ച്പി ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി സചീന്ദ്രനാഥ് സിംഗ് പ്രതികരിച്ചു.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരിലേക്ക് എത്താൻ ടിഎംസിയുടെയും ബിജെപിയുടെയും നേതാക്കൾ 'രാമനവമി' വിനിയോഗിച്ചുവെന്ന് വേണം കരുതാൻ. മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കൊൽക്കത്തയ്‌ക്ക് സമീപമുള്ള ന്യൂ ടൗണിലും ഹൗറയിലെ ഉലുബേരിയയിലും രാമനവമി ഘോഷയാത്രയിൽ പങ്കെടുത്തു. മന്ത്രി അരൂപ് റോയിയും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പ്രസൂൺ ബാനർജിയും ഹൗറ ടൗണിൽ സമാനമായ ഘോഷയാത്രയിൽ പങ്കെടുത്തു.

ബാരക്ക്പൂരിൽ ബിജെപി സ്ഥാനാർഥി അർജുൻ സിംഗിന്‍റെ നേതൃത്വത്തിൽ മെഗാ രാമനവമി ഘോഷയാത്ര നടന്നു. ബങ്കുര, പുരുലിയ, ദുർഗാപൂർ, അസൻസോൾ, ബരാസത്ത് എന്നിവിടങ്ങളിലും ഘോഷയാത്രകൾ നടന്നു. സർക്കാരിന്‍റെ നിരോധനം വകവയ്‌ക്കാതെ, ഹൗറയിലും ദുർഗാപൂരിലും രാമനവമി ഘോഷയാത്രകളിൽ പങ്കെടുത്തവർ പരമ്പരാഗത ആയുധങ്ങളേന്തിയാണ് എത്തിയത്. ഇത് ആചാരങ്ങളുടെ ഭാഗമാണെന്നാണ് ബിജെപിയുടെ ഹൗറ നോമിനി രതിൻ ചക്രവർത്തിയും ബർധമാൻ-ദുർഗാപൂർ സ്ഥാനാർഥി ദിലീപ് ഘോഷും പ്രതികരിച്ചത്.

ടിഎംസിയുടെ ജാദവ്പൂർ സ്ഥാനാർഥി സയാനി ഘോഷാണ് മണ്ഡലത്തിൽ രാമനവമി റാലിക്ക് നേതൃത്വം നൽകിയത്. വീണ്ടും ജനവിധി തേടുന്ന ടിഎംസിയുടെ ബിർഭം എംപി സതാബ്‌ദി റോയിയും അവരുടെ മണ്ഡലത്തിൽ രാമനവമി റാലിക്ക് നേതൃത്വം നൽകി. അതിനിടെ, ഇടത് പിന്തുണയുള്ള വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ക്യാമ്പസിൽ രാമനവമി ആഘോഷിക്കാൻ ആർഎസ്എസ് അനുഭാവമുള്ള എബിവിപിക്ക് നൽകിയ അനുമതി സർക്കാർ നിയന്ത്രണത്തിലുള്ള ജാദവ്പൂർ സർവകലാശാല പിൻവലിച്ചു.

ബിജെപിയും ടിഎംസിയും "മത്സര വർഗീയത"യിലേക്ക് കടക്കുകയാണെന്ന് സിപിഐ(എം) നേതാവ് തൻമയ് ഭട്ടാചാര്യ ആരോപിച്ചു. ഇത് സംസ്ഥാനത്തിന് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പോലും സംസ്ഥാനത്ത് ഇത്രയും ഗംഭീരമായി രാമനവമി ആഘോഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2016ന് ശേഷം സംസ്ഥാനത്ത് ബിജെപിയുടെ ഉയർച്ചയോട് കൂടി രാമനവമി ആഘോഷങ്ങൾക്ക് ആക്കം കൂടിയെന്നും 2017, 2018, 2023 വർഷങ്ങളിൽ വർഗീയ കലാപങ്ങളാൽ ആഘോഷങ്ങൾ നശിച്ചെന്നും തൻമയ് ഭട്ടാചാര്യ കൂട്ടിച്ചേർത്തു.

ALSO READ:രാമനവമി ആഘോഷമാക്കി അയോധ്യ: രാംലല്ല പ്രതിഷ്‌ഠയില്‍ സൂര്യാഭിഷേകം, ഭക്തിനിറവില്‍ ആയിരങ്ങള്‍

ABOUT THE AUTHOR

...view details