മഹബൂബാബാദ് (തെലങ്കാന) :തനിക്കും കുടുംബത്തിനും എതിരെ മന്ത്രവാദം നടത്തുന്നു എന്നാരോപിച്ച് അയല്‍വാസികളായ വയോധികയേയും മകനെയും കൊലപ്പെടുത്തി യുവാവ് (Murders due to black magic). മഹബൂബാബാദ് ജില്ലയിലെ ഗുഡുരു ബൊല്ലെപള്ളിയിലാണ് സംഭവം. സമ്മക്ക (60), മകന്‍ സമ്മയ്യ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി ശിവരാത്രി കുമാരസ്വാമിയെ പൊലീസ് പിടികൂടി.
കുമാരസ്വാമിയുടെ പിതാവ് എല്ലയ്യ അടുത്തിടെ മരണപ്പെട്ടിരുന്നു. മകന് അപസ്‌മാരവും ഭാര്യയ്‌ക്ക് മാനസിക ബുദ്ധിമുട്ടും ഉണ്ടായി. ഇയാളുടെ സഹോദരന്‍റെ ഭാര്യ ഇടിമിന്നലേറ്റ് മരിക്കുകയായിരുന്നു. തന്‍റെ കുടുംബത്തില്‍ ഉണ്ടായ മരണങ്ങള്‍ക്കും രോഗങ്ങള്‍ക്കും കാരണം അയല്‍വാസികളായ അലകുന്ത്‌ല കൊമരയ്യയും ഭാര്യയും മകൻ സമ്മയ്യയും ആണെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു.
ഇയാള്‍ കൊമരയ്യയേയും കുടുംബത്തെയും ആക്രമിക്കുന്നതും പതിവായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സമ്മയ്യ ഗ്രാമത്തിലൂടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ കുമാരസ്വാമി ഇയാളുടെ വാഹനം കൊണ്ട് ഓട്ടോയില്‍ ഇടിച്ചിരുന്നു. പിന്നാലെ തന്‍റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് സമ്മയ്യ ഗുഡുരു പൊലീസില്‍ പരാതി നല്‍കി.