ന്യൂഡല്‍ഹി :രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ഏഴ് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി. പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന് മഹാരാഷ്‌ട്രയില്‍ നിന്ന് മത്സരിക്കാനും ബിജെപി അവസരം നല്‍കി (Bharatiya Janata Party). ഗുജറാത്തില്‍ നിന്നുള്ള നാല് പേരുടെയും മഹാരാഷ്‌ട്രയില്‍ നിന്നുള്ള മൂന്ന് പേരുടെയും പേരുകളാണ് ബിജെപി ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ള പട്ടികയിലുള്ളത് (Rajyasabha election).
നദ്ദയ്ക്ക് പുറമെ ഗോവിന്ദ് ഭായ് ധോലാക്യ, മയാന്‍ഭായ് നായ്‌ക്, ജസ്വന്ത് സിങ് പാര്‍മര്‍ തുടങ്ങിയവരാണ് ഗുജറാത്തില്‍ നിന്ന് മത്സരിക്കുന്നത്. മഹാരാഷ്‌ട്രയില്‍ അശോക് ചവാനെ കൂടാതെ മേധ കുല്‍ക്കര്‍ണി, അജിത് ഗോപ്‌ഛദ്ദെ തുടങ്ങിയവരും മത്സരിക്കുന്നു(seven candidates list). മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ ഈയാഴ്ച ആദ്യമാണ്, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
നിലവില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ നദ്ദ ഇക്കുറി സുരക്ഷിത ഇടമെന്ന നിലയിലാണ് ഗുജറാത്തില്‍ നിന്ന് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലില്‍ ഏക രാജ്യസഭാസീറ്റ് വിജയിക്കാന്‍ വേണ്ട ആള്‍ബലം ബിജെപിക്ക് നിയമസഭയിലില്ല. നേരത്തെ കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്‌ണവ് ഒഡിഷയില്‍ നിന്നും എല്‍ മുരുഗന്‍ മധ്യപ്രദേശില്‍ നിന്നും മത്സരിക്കുമെന്ന് ബിജെപി അറിയിച്ചിരുന്നു. ഞായറാഴ്‌ച പതിനാല് പേരുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ്ങും പാര്‍ട്ടി വക്താവ് സുധാംശു ത്രിവേദിയും ഈ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.