ന്യൂഡല്‍ഹി: അംബേദ്ക്കറെക്കുറിച്ചുള്ള അമിത്ഷായുടെ പരാമര്‍ശങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി ബിജെപി പാര്‍ലമെന്‍റിന്‍റെ പ്രവേശനകവാടത്തില്‍ മുന്‍കൂട്ടി എഴുതി തയാറാക്കിയ നാടകം കളിക്കുകയായിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് രംഗത്ത്. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചെങ്കിലും തങ്ങള്‍ ഇതില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിപ്പക, പകപോക്കല്‍, ഭിന്നിപ്പിക്കല്‍, അപമാനിക്കല്‍ എന്നീ രാഷ്‌ട്രീയങ്ങളുടെ ഭാഗമാണ് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ എടുത്തിട്ടുള്ള പ്രഥമ വിവര റിപ്പോര്‍ട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"പ്രധാനമന്ത്രിയെ താങ്ങി നിര്‍ത്തുന്ന രണ്ട് ശക്തരായ തൂണുകളാണ് ഉള്ളത്. അതില്‍ ഒന്ന് അമിതും ഒന്ന് അദാനിയുമാണ്. എന്നാല്‍ ഈ രണ്ട് തൂണുകളും ഇന്ന് അതീവ മോശമായി തകര്‍ന്ന് കഴിഞ്ഞിരിക്കുന്നു. അദാനിയെക്കുറിച്ച് പുറത്ത് വന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. അംബേദ്ക്കറിന്‍റെ പാര്‍ലമെന്‍റിലെ പരാമര്‍ശങ്ങളും അമിത് ഷായെയും തകര്‍ത്തിരിക്കുന്നു" - ജയറാം രമേഷ് പറഞ്ഞു.
അംബേദ്ക്കറെക്കുറിച്ച് അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വിഷയം തന്നെയാണ്. ആഭ്യന്തരമന്ത്രി രാജിവയ്ക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തുന്നത് തങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.