ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി പാർട്ടിയുടെ വിജയചിഹ്നമായ താമരയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 370 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കണമെന്നും രാജ്യതലസ്ഥാനത്ത് നടക്കുന്ന ബിജെപി ദേശീയ കൺവെൻഷനെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ 370 സീറ്റുകൾ നേടുന്നത് ജന സംഘം സ്ഥാപകനായ ശ്യാമ പ്രസാദ് മുഖർജിക്കുള്ള അംഗീകാരമായിരിക്കുമെന്നും മോദി പറഞ്ഞു. ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നെ ശക്തമായി എതിർത്തയാളാണ് മുഖർജിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി."2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും ചേർന്ന് 400 സീറ്റുകൾ നേടും. 370 സീറ്റുകൾ നേടിക്കൊണ്ട് ബിജെപി ശ്യാമപ്രസാദ് മുഖർജിക്ക് ആദരവർപ്പിക്കും."പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് തുടങ്ങിയ ദേശീയ കൺവെൻഷനിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. ഒരു വിഭാഗം കർഷകരുടെ പ്രതിഷേധത്തിനിടെ, മോദി സർക്കാർ ചെയ്‌തത്ര കാര്യങ്ങളൊന്നും മറ്റൊരു സർക്കാരുകളും കർഷകര്‍ക്കുവേണ്ടി ചെയ്‌തിട്ടില്ലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. പ്രധാനമന്ത്രിക്ക് കർഷകർ സ്വന്തം കുടുംബത്തേക്കാൾ ചെറുതല്ലെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.
കൺവെൻഷനിൽ "വിക്ഷിത് ഭാരത്-മോദി കി ഗ്യാരണ്ടി" എന്ന രാഷ്ട്രീയ പ്രമേയം പാസാക്കി. പ്രതിപക്ഷ കൂട്ടായ്‌മയായ ഇന്ത്യ ജാതി അടിസ്ഥാനത്തിലുള്ള വിഭജന രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി. അവരുടെ സമീപനം രാജ്യത്ത് നാല് "ജാതി" മാത്രമാണെന്ന മോദിയുടെ വാദത്തിൽ നിന്ന് വ്യത്യസ്‌തമാണെന്നും പ്രമേയത്തിലൂടെ ബിജെപി വിമർശിച്ചു.
ലോകമെമ്പാടുമുള്ള സാമ്പത്തിക മാന്ദ്യത്തിനിടയിൽ ഇന്ത്യയുടെ അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് ആഗോള ശ്രദ്ധ മാറുന്നതിനെക്കുറിച്ചാണ് ധനമന്ത്രി നിർമ്മല സീതാരാമൻ സംസാരിച്ചത്. പ്രധാന സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ ഇന്ത്യ നിലവിൽ അതിവേഗം വളരുന്നുണ്ടെന്നും, നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് ചായുകയാണെന്നും അവർ പറഞ്ഞു. ഇത് കഴിഞ്ഞ ദശകത്തിലെ "പ്രധാന" നേട്ടമാണ്. യുപിഎ സർക്കാരിൻ്റെ കീഴിലുള്ള ദുർബലമായ അഞ്ചാം സ്ഥാനത്തുനിന്ന് നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ആദ്യ അഞ്ചിലേക്ക് ഉയർത്തിയ പ്രധാനമന്ത്രി രാജ്യത്തിന്‍റെ വളർച്ചയെ മുന്നിൽ നിന്ന് നയിച്ചെന്നും നിർമ്മല സീതാരാമൻ പ്രശംസിച്ചു. മോദി നിർബന്ധിച്ചതിനെ തുടർന്ന് തമിഴിലും തെലുങ്കിലും നിർമല സംസാരിച്ചു.
Also Read:മോദി ആളുകളെ കബളിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി; മറുപടിയുമായി ബിജെപി സര്‍ക്കാര്‍
കൺവെൻഷനിൽ സംസാരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമക്ഷേത്ര നിർമാണം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. പാകിസ്ഥാനിലെ ഗുരുദ്വാര സന്ദർശിക്കാൻ കഴിയുന്ന വിധത്തിൽ കർതാർപൂർ ഇടനാഴി തുറന്നതിനെയാണ് ബിജെപി വക്താവ് സംബിത് പത്ര പ്രശംസിച്ചത്. ദക്ഷിണേന്ത്യയ്‌ക്കായി സർക്കാർ ഏറ്റെടുത്ത നിരവധി വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി എൽ മുരുകൻ, തമിഴ്‌നാട്ടിൽ എംഎൽഎമാരും തെലങ്കാനയിൽ ശക്തമായ സാന്നിധ്യവും ഉള്ളതിനാൽ ബിജെപി യഥാർത്ഥ ദേശീയ പാർട്ടിയായി മാറിയെന്ന് അഭിപ്രായപ്പെട്ടു.