കേരളം

kerala

ETV Bharat / bharat

പാര്‍ലമെന്‍റിന് പുറത്തെ സംഘര്‍ഷം; ബിജെപിയുടെ പ്രതാപ് സാരംഗിക്ക് പരിക്ക്, രാഹുല്‍ ഗാന്ധി തള്ളിയിട്ടെന്ന് ആരോപണം - PRATAP SARANGI INJURED IN CHAOS

പാര്‍ലമെന്‍റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച തന്നെ ബിജെപി അംഗങ്ങള്‍ തടഞ്ഞപ്പോഴാണ് ഉന്തും തള്ളുമുണ്ടായതെന്നും തങ്ങള്‍ക്ക് പരിക്ക് പറ്റിയില്ലെന്നും രാഹുല്‍.

PALIAMENT WINTER SESSION  RAHUL GANDHI  BJP AMBEDKAR ROW  ബിജെപി അംബേദ്‌ക്കര്‍ വിവാദം
pratap sarangi injured in chaos (ANI)

By ETV Bharat Kerala Team

Published : 6 hours ago

ന്യൂഡല്‍ഹി :പാര്‍ലമെന്‍റിന് പുറത്ത് ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള പോരില്‍ പുത്തന്‍ വഴിത്തിരിവ്. പാര്‍ലമെന്‍റിന് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി അംഗം പ്രതാപ് സാരംഗിക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെ തള്ളിയിട്ടതിനെ തുടര്‍ന്നാണ് തനിക്ക് മുറിവേറ്റതെന്ന് അദ്ദേഹം ആരോപിച്ചു. താന്‍ പടിക്കെട്ടില്‍ നില്‍ക്കുമ്പോള്‍ മറ്റൊരംഗം തന്‍റെ മേലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നുവെന്നും സാരംഗി പറഞ്ഞു.

രാഹുല്‍ പിടിച്ച് തള്ളിയ അംഗമാണ് തന്‍റെ മേല്‍ പതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ ഉടന്‍ തന്നെ ബിജെപി അംഗത്തെ ആംബുലന്‍സില്‍ ചികിത്സയ്ക്കായി മാറ്റി. എന്നാല്‍ താന്‍ പാര്‍ലമെന്‍റിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ കവാടത്തില്‍ പ്രതിഷേധിക്കുകയായിരുന്ന ബിജെപി അംഗങ്ങള്‍ തന്നെ ഭീഷണിപ്പെടുത്തുകയും പിടിച്ച് തള്ളുകയുമായിരുന്നെന്നും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും ഇത്തരത്തില്‍ ബിജെപി അംഗങ്ങള്‍ പിടിച്ച് തള്ളിയെന്ന് അദ്ദേഹം ആരോപിച്ചു. ഇതെല്ലാം നിങ്ങളുടെ കാമറയില്‍ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ഉന്തിലും തള്ളിലും തങ്ങള്‍ക്ക് പരിക്കുണ്ടായില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'ഇത് പ്രവേശനകവാടമാണ്. ഞങ്ങള്‍ക്ക് അകത്തേക്ക് പോകാന്‍ അവകാശമുണ്ട്. എന്നാല്‍ അവര്‍ തങ്ങളെ തടയാന്‍ ശ്രമിച്ചു. പ്രധാന പ്രശ്‌നം അവശേഷിക്കുകയാണ്. ബിജെപി ഭരണഘടനയെ ആക്രമിക്കുന്നു. അംബേദ്ക്കറിന്‍റെ ഓര്‍മകളെ പോലും അവര്‍ അപമാനിക്കുന്നു'വെന്നും രാഹുല്‍ ആരോപിച്ചു.

കോണ്‍ഗ്രസ് ബാബാസാഹേബ് അംബേദ്ക്കറെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് ബിജെപി പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. അംബേദ്ക്കറെ അപമാനിക്കുന്നത് അനുവദിക്കാനാകില്ല, അംബേദ്ക്കര്‍ തങ്ങളുടെ വഴികാട്ടി, കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ പോസ്റ്ററുകളുമായാണ് ബിജെപി അംഗങ്ങളുടെ പ്രതിഷേധം.

ഇതിനിടെ കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രി ഗിരിരാജ് സിങ് ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചു. അവരുടെ കുടുംബത്തില്‍ എല്ലാവര്‍ക്കും ഭാരത രത്‌ന കിട്ടി എന്നാല്‍ ഡോ. അംബേദ്ക്കറിന് ഇത് നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ബാബാ സാഹേബിനെ അപമാനിച്ച് ഏറ്റവും വലിയ പാപം ചെയ്‌തത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് 24 മണിക്കൂര്‍ നിരാഹാരമിരുന്ന് അവരുടെ പാപങ്ങള്‍ നിശബ്‌ദമായി ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഇന്ത്യ സഖ്യത്തിലെ അംഗങ്ങള്‍ ഇന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സഭാ വളപ്പില്‍ പ്രതിഷേധം നടത്തി. അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വാദ്ര, സഞ്ജയ് റാവത്ത്, മഹുവ മാജി, രാംഗോപാല്‍ യാദവ് തുടങ്ങിയവര്‍ നീലനിറത്തിലുള്ള വസ്‌ത്രങ്ങളിഞ്ഞാണ് ആഭ്യന്തര മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിനെത്തിയത്.

കഴിഞ്ഞ ദിവസം പ്രതിഷേധങ്ങളെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും നേരത്തെ പിരിഞ്ഞിരുന്നു. രാജ്യസഭയിലെ തന്‍റെ പ്രസംഗത്തിനിടെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും കടന്നാക്രമിച്ച് നടത്തിയ പ്രസംഗത്തിലാണ് അംബേദ്ക്കറെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ അമിത് ഷാ നടത്തിയത്. തുടര്‍ന്നാണ് ഇരുസഭകളും പ്രക്ഷുബ്‌ധമായത്. വിഷയം വലിയ വിവാദത്തിലേക്ക് കടന്നിരിക്കുകയാണ്. അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് ബിജെപി നേതാക്കളുടെയും രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം.

Also Read; 'അംബേദ്ക്കറെയും അദ്ദേഹത്തിന്‍റെ പ്രത്യയശാസ്‌ത്രത്തെയും എതിര്‍ക്കുന്നവര്‍'; ബിജെപിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍

ABOUT THE AUTHOR

...view details