ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്ക് ബാഗ് സമ്മാനിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബിജെപി എംപി അപരാജിത സാരംഗി. ശീത കാലസമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്ന് പാര്‍ലമെന്‍റിന്‍റെ പുറത്തെ നടപ്പാതയില്‍ വച്ചാണ് ഇവര്‍ പ്രിയങ്കയ്ക്ക് ബാഗ് സമ്മാനിച്ചത്. 1984 എന്ന ചോര കിനിയുന്ന അക്കങ്ങള്‍ ആണ് ഇതില്‍ ആലേഖനം ചെയ്‌തിട്ടുള്ളത്.
മുന്‍ പ്രധാനമന്ത്രിയും പ്രിയങ്കയുടെ മുത്തശിയുമായ ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് രാജ്യത്ത് അരങ്ങേറിയ സിക്ക് വിരുദ്ധ കലാപങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് ഈ ബാഗിലെ 1984 എന്ന എഴുത്ത്. പ്രിയങ്കയ്ക്കും കുടുംബത്തിനും 1984ലെ ആ പാപഭാരങ്ങളില്‍ നിന്ന് മോചനമുണ്ടാകുമോ എന്നും അപരാജിത പിന്നീട് മാധ്യമങ്ങളോട് ചോദിച്ചു. രാജ്യത്ത് അവര്‍ നടത്തിയ കൂട്ടക്കൊലകളൊന്നും ലോകത്ത് ഒരിടത്തും നടക്കുന്നില്ലെന്നും അപരാജിത ചൂണ്ടിക്കാട്ടി.
ബാഗ് സ്വീകരിച്ച് പുഞ്ചിരിയോടെ നടന്ന് പോകുന്ന പ്രിയങ്കയെ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്ന ദൃശ്യങ്ങളില്‍ നമുക്ക് കാണാം. പലസ്‌തീനോടും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ബാഗുകളുമായി പാര്‍ലമെന്‍റിലെത്തി പ്രിയങ്ക ചര്‍ച്ച ആയതിന് പിന്നാലെ പ്രിയങ്കയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രിയങ്ക രാഹുലിനെക്കാള്‍ വലിയ ദുരന്തമാണെന്നായിരുന്നു ബിജെപിയുടെ ഐടി വിഭാഗം മേധാവി അമിത് മാളവ്യ പ്രതികരിച്ചത്. ഈ പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ അവസാന ദിവസം കോണ്‍ഗ്രസ് അംഗങ്ങള്‍ എല്ലാവരും പ്രിയങ്കയ്ക്ക് വേണ്ടി മൗനമാചരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
തങ്ങളുടെ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് പ്രിയങ്കയെന്ന് ചിന്തിച്ചിരുന്നവരാണ് കോണ്‍ഗ്രസ്. പലസ്‌തീനെ പിന്തുണയ്ക്കുന്ന ഒരു ബാഗുമായി പാര്‍ലമെന്‍റിലേക്ക് വന്നാല്‍ അത് പുരുഷ കേന്ദ്രീകൃത ഭരണത്തിന് നേരെയുള്ള പോരാട്ടമാണെന്ന് ഇവര്‍ ധരിച്ചിരിക്കുന്നു. കോണ്‍ഗ്രസ് പുതിയ മുസ്ലീം ലീഗായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഈ വിമര്‍ശനങ്ങള്‍ ഒരു പുരുഷാധിപത്യത്തില്‍ നിന്ന് ഉണ്ടാകുന്നതാണെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. താനെന്ത് ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നതെന്നും അവര്‍ ചോദിച്ചു. സ്‌ത്രീകള്‍ എന്ത് ധരിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കുന്നതാണ് യഥാര്‍ഥ പുരുഷാധിപത്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി. താന്‍ ഇതില്‍ വിശ്വസിക്കുന്നില്ല. തനിക്ക് ഇഷ്‌ടമുള്ളത് താന്‍ ധരിക്കുമെന്നും അവര്‍ എക്‌സില്‍ കുറിച്ചു.
ബിജെപിയുടെ സാമ്പിത് പത്രയും പ്രിയങ്കയുടെ ബാഗുകളെ വിമര്‍ശിച്ച് രംഗത്ത് എത്തി. ഗാന്ധി കുടുംബം എന്നും പ്രീണനങ്ങള്‍ക്കായി ബാഗുകളുമായി എത്തിയിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം. ഇത് തന്നെയാണ് തെരഞ്ഞെടുപ്പുകളില്‍ അവരുടെ പരാജയത്തിനുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:ഇന്നലെ പലസ്‌തീന്‍, ഇന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷം; വീണ്ടും രാഷ്‌ട്രീയം 'പറഞ്ഞ്' പ്രിയങ്കയുടെ ബാഗുകള്‍