ചെന്നൈ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് എം കെ സ്‌റ്റാലിൻ. തെരഞ്ഞെടുപ്പ് വേളയിൽ മാത്രമേ ബിജെപി ജനങ്ങളോടുള്ള പരിഗണന കാണിക്കാറുള്ളുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാരണമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ഇന്ധനവില കുറച്ചതെന്നും അദ്ദേഹം പറഞ്ഞു (MK Stalin Against BJP).
തെരഞ്ഞെടുപ്പ് വേളയിൽ മാത്രമേ ബിജെപി ജനങ്ങളോട് കരുതൽ കാണിക്കൂ, ഇപ്പോൾ പെട്രോൾ - ഡീസൽ വില കുറച്ചു, ഗ്യാസ് വില പോലും കുറച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ്. മോദി സർക്കാരാണ് വില വർധിപ്പിച്ചത്, എന്നാൽ വിലക്കയറ്റവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന രീതിയില്‍ അവർ അഭിനയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (UPA) സർക്കാരിനെ കൊള്ളയടിക്കാൻ മാത്രമാണ് അധികാരത്തിൽ വന്നത് എന്ന് തമിഴ്‌നാട് ബിജെപി മേധാവിയും കോയമ്പത്തൂരിലെ പാർട്ടി സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ ബുധനാഴ്‌ച (27-03-2024) പറഞ്ഞിരുന്നു. സഖ്യത്തെ നയിക്കുന്ന പാർട്ടിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്ത സഖ്യ സർക്കാർ രാജ്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം വാദിച്ചു.