ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഫെബ്രുവരിയില്‍ തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ജനുവരി പകുതിയോടെ സംസ്ഥാന ഘടകങ്ങളിലും സംഘടനാ തെരഞ്ഞെടുപ്പ് നടത്തി ദേശീയ പ്രസിഡന്‍റിനെ തീരുമാനിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയാണ് നിലവില്‍ ബിജെപിയുടെ ദേശീയ പ്രസിഡന്‍റ്.
2020ലാണ് ബിജെപി ദേശീയ പ്രസിഡന്‍റായി ജെപി നദ്ദ ചുമതലയേറ്റെടുത്തത്. മൂന്ന് വര്‍ഷമാണ് ബിജെപി പ്രസിഡന്‍റിന്‍റെ കാലാവധി. എന്നാല്‍, ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നദ്ദയെ ഒരു വര്‍ഷം കൂടി ചുമതലയില്‍ തുടരാൻ പാര്‍ട്ടി അനുവദിക്കുകയായിരുന്നു.
പുതിയ പ്രസിഡന്‍റ് ആരായിരിക്കും എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ലെന്നാണ് ബിജെപി നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്ത ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.