കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശിനെതിരെയുള്ള പരാമര്‍ശങ്ങള്‍: ശശി തരൂരിനെതിരെ ആഞ്ഞടിച്ച് ബിജെപി; സംസ്ഥാനത്തെ അപമാനിച്ചെന്ന് ആരോപണം - BJP Leaders Slam Shashi Tharoor

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ശശി തരൂര്‍ നടത്തിയ പരിഹാസ പോസ്‌റ്റിനെതിരെ കടുത്ത വിമര്‍ശനം. ഉത്തര്‍പ്രദേശിനെ തരൂര്‍ അപമാനിച്ചെന്ന ആരോപണവുമായി നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തി.

Tharoor Uttar Pradesh Wordplay  Insulting State  തരൂരിനെതിരെ ആഞ്ഞടിച്ച് ബിജെപി  ഉത്തര്‍പ്രദേശിനെതിരെ പരാമര്‍ശങ്ങള്‍
ശശി തരൂര്‍ (ANI)

By ETV Bharat Kerala Team

Published : Jun 23, 2024, 8:46 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് ബിജെപി നേതാക്കള്‍ രംഗത്ത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് തരൂര്‍ എക്‌സില്‍ നടത്തിയ ഒരു അഭിപ്രായ പ്രകടനമാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഉത്തരങ്ങള്‍ മുന്‍കൂറായി അറിവുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് എന്നാണ് തരൂര്‍ എക്‌സില്‍ കുറിച്ചത്. ഇന്നലെ രാത്രിയാണ് തരൂര്‍ എക്സില്‍ ഈ കുറിപ്പ് ഇട്ടത്.

ഷന്ദര്‍ പരീക്ഷേപേ ചര്‍ച്ച എന്ന തലക്കെട്ടോടെ ഒരു ചോദ്യപേപ്പറിന്‍റെ ചിത്രമിട്ടുള്ള പോസ്റ്റാണ് തരൂര്‍ പങ്കുവച്ചിരിക്കുന്നത്. ഈ ചോദ്യപേപ്പറില്‍ ഹിന്ദിയില്‍ ഉത്തര്‍പ്രദേശ് എന്ന് വിളിക്കുന്നത് എന്തിനെ എന്ന് ചോദ്യമുന്നയിച്ചിരിക്കുന്നു. ഉത്തരങ്ങള്‍ പരീക്ഷയ്ക്ക് മുമ്പേ അറിയാവുന്ന സംസ്ഥാനം എന്ന് ഉത്തരവും നല്‍കിയിരിക്കുന്നു. തലക്കെട്ട് തന്നെ പ്രധാനമന്ത്രി മോദിയെ തോണ്ടിക്കൊണ്ടുള്ളതാണ്. വിദ്യാര്‍ത്ഥികളുമായുള്ള മോദിയുടെ സംവാദ പരിപാടിക്കുള്ള വിമര്‍ശനമാണിത്.

നിരന്തരം വിവിധ സംസ്ഥാന-അഖിലേന്ത്യാതല പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തിരുവനന്തപുരം എംപി കേന്ദ്ര സര്‍ക്കാരിനെ തന്‍റെ പോസ്‌റ്റിലൂടെ നേരിട്ട് വിമര്‍ശിക്കുകയായിരുന്നു. നീറ്റ് -യുജി പോലുള്ള പരീക്ഷകളുടെ നടത്തിപ്പിലെ വീഴ്‌ചകളെ തരൂര്‍ തന്‍റെ പോസ്‌റ്റിലൂടെ അപഹസിക്കുന്നു. പരീക്ഷാ നടത്തിപ്പിലെ വീഴ്‌ചകളെ തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. മൂന്ന് മറ്റ് പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇത് പ്രതിപക്ഷ കക്ഷികളുടെ നിശിതവിമര്‍ശനം ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. വീഴ്‌ചകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

ഏതായാലും തരൂരിന്‍റെ പോസ്‌റ്റിനെതിരെ ഉത്തര്‍പ്രദേശില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ബിജെപി നേതാക്കളാണ് പ്രധാനമായും തരൂരിനെതിരെ രംഗത്ത് എത്തിയിട്ടുള്ളത്. തരൂര്‍ സംസ്ഥാനത്തെ അപമാനിച്ചെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. തന്‍റെ സംസ്ഥാനത്തെ അപമാനിക്കുന്നതില്‍ തനിക്ക് തമാശ തോന്നിയില്ലെന്ന് കേന്ദ്ര മന്ത്രി ജിതിന്‍ പ്രസാദ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങളെ താന്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹജീവികളായ ഇന്ത്യാക്കാരെ അപമാനിക്കുന്ന നാണം കെട്ട രാഷ്‌ട്രീയ പോസ്‌റ്റുകളാണ് ഇതെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇത് കോണ്‍ഗ്രസിന്‍റെ ശൈലിയാണ്. സ്വയം പ്രഖ്യാപിത വിശ്വപൗരനില്‍ നിന്നാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായതെന്നതും ലജ്ജാകരമാണ്. മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു വിശ്വപൗരന്‍ പിത്രോഡ ഇന്ത്യക്കാരെ ആഫ്രിക്കക്കാരോടും ചൈനാക്കാരോടും പശ്ചിമേഷ്യക്കാരോടും ഉപമിച്ചു. ഇത്തരം മേധാവിത്വ ചിന്തകള്‍ കോണ്‍ഗ്രസുകാരുടെ ഡിഎന്‍എയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

യുപിയെ കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് വഴി നിങ്ങള്‍ അവിടുത്തെ ജനങ്ങളെ വേറിട്ട് കാണുന്നുവെന്ന് രാജസ്ഥാന്‍ മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോഡ് ആരോപിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും തരൂരിനെതിരെ രംഗത്തെത്തി. വിവിധ സംസ്‌കാരങ്ങളെ ശശി തരൂര്‍ അപമാനിക്കുന്നത് തുടര്‍ക്കഥയായിരിക്കുന്നെന്ന് ഹിമന്ത കുറ്റപ്പെടുത്തി.

തരൂര്‍ നേരത്തെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ സഹോദരങ്ങളെ അപമാനിച്ചെന്ന് ബിജെപി ദേശീയ വക്‌താവ് സി ആര്‍ കേശവനും ചൂണ്ടിക്കാട്ടി.

നേതാക്കള്‍ക്ക് പുറമെ നെറ്റിസണ്‍സും തരൂരിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. നിങ്ങളുടെ പാതി യൂറോപ്യനായ മുതലാളി ഉത്തര്‍പ്രദേശിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് മറക്കേണ്ട എന്നാണ് ഒരാള്‍ കുറിച്ചത്. ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു ഇത്തരം ജല്‍പ്പനങ്ങള്‍ നിര്‍ത്തൂ എന്ന് മറ്റൊരാള്‍ കുറിച്ചു. നിങ്ങളുടെ കക്ഷിയുടെയും സഖ്യകക്ഷികളുടെയും ഇത്തരം പരാമര്‍ശങ്ങള്‍ തുടര്‍ന്നാല്‍ സംസ്ഥാനത്തെ തെരുവുകളിലൂടെ നടത്തില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

75 വര്‍ഷത്തില്‍ 65 വര്‍ഷവും കോണ്‍ഗ്രസാണ് ഈ സംസ്ഥാനം ഭരിച്ചത്. മൂന്ന് പ്രധാനമന്ത്രിമാര്‍ ഈ സംസ്ഥാനത്ത് നിന്നുണ്ടായി. എന്നിട്ടും ഈ സംസ്ഥാനം എന്ത് കൊണ്ട് ഇങ്ങനെ തുടരുന്നു ഷാമ്പൂ മാന്‍ എന്നും ഒരാള്‍ ചോദിച്ചിട്ടുണ്ട്.

Also Read:'ഓഫിസില്‍ കൂടുതലും നായർ സമുദായക്കാരാണെന്ന ആക്ഷേപം ഉയർന്നിരുന്നു' ; ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരെന്ന് ശശി തരൂര്‍

ABOUT THE AUTHOR

...view details