കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി സിഖുകാരനായ പൊലീസുകാരനെ ഖലിസ്ഥാനി എന്ന് വിളിച്ച് അധിക്ഷേപിച്ചതായി പരാതി (BJP leader Suvendu Adhikari Khalistani remark on Police officer). പശ്ചിമ ബംഗാള്‍ പൊലീസ് തന്നെയാണ് ഇക്കാര്യം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. സുവേന്ദു അധികാരിയുടെ പരാമർശം വംശീയവും വർഗീയവും ക്രിമിനൽ കുറ്റകൃത്യവുമാണെന്ന് പൊലീസ് എക്‌സില്‍ കുറിച്ചു. മതപരമായ സ്വത്വത്തിന് മേലുള്ള അധിക്ഷേപത്തെ അപലപിച്ച പൊലീസ് നിയമ നടപടികൾ ആരംഭിച്ചതായും അറിയിച്ചു.
'ഞങ്ങൾ, പശ്ചിമ ബംഗാൾ പൊലീസ് പ്രതിഷേധം അറിയിക്കുന്നു. ഞങ്ങളുടെ ഓഫിസർമാരിലൊരാളെ സംസ്ഥാന പ്രതിപക്ഷ നേതാവ് 'ഖലിസ്ഥാനി' എന്ന് വിളിച്ച് അധിക്ഷേപിച്ചു. അദ്ദേഹം അഭിമാനിയായ ഒരു സിഖുകാരനും നിയമം നടപ്പാക്കാൻ ശ്രമിക്കുന്ന പൊലീസുകാരനായതുമാണ് കുറ്റം. അധിക്ഷേപം വർഗീയവും വംശീയവുമാണ്. ഇതൊരു ക്രിമിനൽ കുറ്റകൃത്യം കൂടിയാണ്. ഒരു വ്യക്തിയുടെ മതപരമായ സ്വത്വത്തിനും വിശ്വാസങ്ങൾക്കും നേരെയുള്ള ആക്രമണത്തെ ഞങ്ങൾ അസന്നിഗ്ദ്ധമായി അപലപിക്കുന്നു. ഇതിനെതിരെ കർശനമായ നിയമ നടപടികൾ ഉണ്ടാകും' -പൊലീസ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ബിജെപിയുടെ വിഭജന രാഷ്ട്രീയം ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചു. 'ഇന്ന്, ബിജെപിയുടെ വിഭജന രാഷ്ട്രീയം ഭരണഘടനയുടെ അതിർവരമ്പുകൾ ലംഘിച്ചിരിക്കുകയാണ്. ടര്‍ബന്‍ ധരിക്കുന്ന എല്ലാവരും ഖലിസ്ഥാനികളാണ് എന്നാണ് ബിജെപിയുടെ അഭിപ്രായം. നമ്മുടെ സിഖ് സഹോദരന്മാരുടെയും സഹോദരിമാരുടെയും അഭിമാനം തകർക്കാനുള്ള ഈ ശ്രമത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ബംഗാളിന്‍റെ സാമൂഹിക ഐക്യം സംരക്ഷിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമങ്ങൾക്കെിതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും' -മമത ബാനര്‍ജി എക്‌സില്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സംഭവത്തെ അപലപിച്ചു. ബിജെപിയുടെ വെറുപ്പിന്‍റെ വിഷം അവരെ അന്ധരാക്കി എന്നും അവര്‍ക്ക് കര്‍ഷകരെയോ സൈനികരെയോ കണ്ണില്‍ കാണുന്നില്ലെന്നും കാക്കിയിലുള്ള ഓഫിസറെ ബഹുമാനിക്കാനാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.