ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടിൽ ജികെ വാസന്‍റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോൺഗ്രസുമായി (ടിഎംസി) സഖ്യമുണ്ടാക്കി ബിജെപി. തമിഴ്‌നാട്ടില്‍ ഡിഎംകെ, എഐഎഡിഎംകെ ഇതര മുന്നണി രൂപീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. 2023 സെപ്റ്റംബറിലാണ് എഐഎഡിഎംകെ, ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചത്.
മാനില കോണ്‍ഗ്രസിന് പിന്നാലെ കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ എൻഡിഎയിൽ ചേരുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ് കാര്യങ്ങളില്‍ വാസന്‍റെയും പാര്‍ട്ടിയുടെയും ഉപദേശം വരും ദിവസങ്ങളിൽ തേടുമെന്ന് അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് ബിജെപി സംസ്ഥാന ഘടകം പറഞ്ഞു.
1996-ൽ ജികെ മൂപ്പനാരാണ് ടിഎംസി പാര്‍ട്ടി രൂപീകരിക്കുന്നത്. അന്ന് തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിന് പിന്നാലെയാണ് മൂപ്പനാര്‍ ടിഎംസി രൂപീകരിക്കുന്നത്. 2002ൽ ടിഎംസി പാര്‍ട്ടി കോൺഗ്രസിൽ ലയിച്ചിരുന്നു. 2014ൽ വാസൻ കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിയെ ഉടച്ചുവാര്‍ത്തു.
മൂപ്പനാർ സ്ഥാപിച്ച കാലം മുതൽ ടിഎംസിക്ക് ഒരു ദേശീയ കാഴ്‌ചപ്പാട് ഉണ്ടായിരുന്നുവെന്നും ബിജെപിയുമായി കൈകോർക്കാനുള്ള തീരുമാനം തമിഴ്‌നാടിന്‍റെയും തമിഴരുടെയും ക്ഷേമവും ഇന്ത്യയുടെ അഭിവൃദ്ധിയും കണക്കിലെടുത്താണെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന ജികെ വാസന്‍ പത്ര സമ്മേളനത്തിൽ പറഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഷിപ്പിങ് മന്ത്രിയായിരുന്നു വാസന്‍.
'ഇന്ന് സാമ്പത്തിക വളർച്ചയും രാജ്യത്തിന്‍റെ സുരക്ഷയും വളരെ പ്രധാനമാണ്. ദരിദ്രരുടെ ഉന്നമനത്തിനം വളരെ പ്രാധാനമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വളരെ പ്രധാനമാണ്. നമ്മള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാൻ പോവുകയാണ്. ഇതെല്ലാം നേടിയെടുക്കാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയുമാണ് ടിഎംസി ആഗ്രഹിക്കുന്നത്.' വിവിധ മേഖലകളിൽ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൊണ്ടു വന്ന നേട്ടങ്ങളെ അഭിനന്ദിച്ചു കൊണ്ട് വാസന്‍ പറഞ്ഞു.
എൻഡിഎയുടെ ഭാഗമായ തമിഴ് മാനില കോൺഗ്രസ്, വരുന്ന തിരഞ്ഞെടുപ്പിനെ ബിജെപിയുടെ നേതൃത്വത്തിൽ നേരിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തിരുപ്പൂർ ജില്ലയിലെ പല്ലടത്ത്, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന പൊതുയോഗത്തിലും വാസന്‍ പങ്കെടുക്കും. തന്‍റെ പാർട്ടിയുടെ മുദ്രാവാക്യമായ 'അഭിവൃദ്ധിയുള്ള തമിഴ്‌നാട്, ശക്തമായ ഇന്ത്യ', കേന്ദ്രത്തിന്‍റെ വിവിധ നടപടികളുമായി ഒത്തുപോകുന്നതാണെന്നും വാസൻ സൂചിപ്പിച്ചു.